പാറ്റ്ന: ബോളിവുഡ് താരം സുഷാന്ത് രജ്പുതിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ ആരോപണവിധേയയായ റിയ ചക്രബര്‍ത്തിയെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് ബീഹാര്‍ പോലീസ് വ്യക്തമാക്കി. നിരപരാധികളെ ശിക്ഷിക്കുകയല്ല തങ്ങളുടെ ലക്ഷ്യമെന്നും റിയ ഒരു തെറ്റും ചെയ്തിട്ടില്ലെങ്കില്‍ അവര്‍ ഒളിച്ചുകളി അവസാനിപ്പിച്ച് അന്വേഷണവുമായി സഹകരിക്കണമെന്നും ബീഹാര്‍ പോലീസ് ഡയറക്ടര്‍ ജനറല്‍ ഗുപ്തേശ്വര് പാണ്ഡെ പറഞ്ഞു. കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാധ്യമങ്ങളോട് പങ്കുവയ്ക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സുഷാന്തിന്റെ മരണത്തില്‍ പങ്കില്ലെങ്കില്‍ തനിക്കറിയാവുന്ന കര്യങ്ങള്‍ പോലീസിനെ അറിയിക്കുന്നതില്‍ അവര്‍ ഭയപ്പെടേണ്ട കാര്യമില്ല. നിരപരാധികളെ ശിക്ഷിക്കാനല്ല, മരണത്തിലെ ദുരൂഹത നീക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇക്കഴിഞ്ഞ ജൂണ്‍ 14നാണ് മുംബൈയിലെ ഫ്ലാറ്റില്‍ സുഷാന്ത് സിംഗ് രജ്പുതിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് മരണത്തില്‍ ദുരൂഹത ആരോപിച്ച് പിതാവ് കെ കെ സിംഗ് പരാതി നല്‍കിയിരുന്നു. ബോളിവുഡ് താരമായ റിയയെ പ്രധാന പ്രതിയാക്കി എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്ത പാറ്റ്ന പോലീസ് അന്വേഷണത്തിനായി മുംബൈയിലെത്തിയിട്ടുണ്ട്.
സുഷാന്തിന്റെ മരണത്തിന് പിന്നാലെ താന്‍ നിരപരാധിയാണെന്ന് അവകാശപ്പെടുന്ന വീഡിയോ റിയ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.