Saturday, June 25, 2022
HomeNewsKeralaകേരളത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണം: ഐഎംഎ

കേരളത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണം: ഐഎംഎ

തിരുവനന്തപുരം: കൊവിഡ് വ്യാപനം ഭയാനകമായ അവസ്ഥയിലെത്തിയ സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) ആവശ്യം. രോഗവ്യാപനം ശക്തമായി തടയുന്നതിന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകുമെന്നും ഐഎംഎ അറിയിച്ചു.

രോഗ്യവ്യാപനത്തിന്റെ ഗുരുതര സ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. നിലവിലെ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി നടപ്പാക്കണം. സാധാരണക്കാരിലും ആരോഗ്യ പ്രവർത്തകരിലും രോഗവ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഇത് ഇത്തരത്തിൽ തുടർന്നാൽ വരും ദിവസങ്ങളിൽ ഗുരുതര പ്രത്യാഘാതം ഉണ്ടാകും. ഇപ്പോൾ തന്നെ ആശുപത്രികൾ ഏറെക്കുറേ നിറഞ്ഞു കവിഞ്ഞ അവസ്ഥയാണ്. ആരോഗ്യ പ്രവർത്തകരുടെ കൂടി കാര്യം പരിഗണിച്ചാണ് ആരോഗ്യ അടിയന്തരാവസ്ഥ ആവശ്യപ്പെടുന്നത്.

പ്രതിദിന രോഗികളുടെ എണ്ണത്തിൽ വൻവർധനയാണ് സംസ്ഥാനത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സംസ്ഥാനത്ത് കഴിഞ്ഞ 28 ദിവസത്തിനിടെ മാത്രം ഒരുലക്ഷത്തിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

വരും ദിവസങ്ങളിൽ രോഗബാധിതരുടെ എണ്ണം പതിനായിരത്തിനു മുകളിൽ എത്തിയേക്കാമെന്നാണ് സർക്കാരിന്റെ തന്നെ വിലയിരുത്തൽ. അങ്ങനെ വന്നാൽ സംസ്ഥാനത്തെ ആരോഗ്യ സംവിധാനങ്ങൾക്ക് തന്നെ അത് താങ്ങാനാവാത്ത സ്ഥിതിയുണ്ടാകുമെന്നും ഐഎംഎ പറയുന്നു.

Most Popular