കുട്ടികളില്‍ ഇടവിട്ട പനിക്കു കാരണം കൊവിഡാനന്തരമുള്ള ഇമ്മ്യൂണിറ്റി ഡെബ്റ്റ്

തിരുവനന്തപുരം : കുട്ടികളില്‍ ഇടവിട്ടുണ്ടാകുന്ന പനി, ജലദോഷം, ചുമ തുടങ്ങിയവയ്ക്കു കാരണം കൊവിഡാനന്തരം പ്രതിരോധ ശേഷിയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലായ ഇമ്മ്യൂണിറ്റി ഡെബ്റ്റെന്ന് ആരോഗ്യവകുപ്പ്.

കുട്ടികള്‍ക്ക് പ്രത്യേക നിരീക്ഷണം വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി വീണാജോര്‍ജ് അറിയിച്ചു. കുട്ടികളില്‍ വൈറസ് മൂലമുള്ള ശ്വാസകോശ രോഗങ്ങളുടെ വര്‍ദ്ധന ലോകത്തെമ്ബാടുമുണ്ട്. സ്‌കൂളുകള്‍ അടച്ചിരുന്ന സമയത്ത് മറ്റുള്ളവരുമായി സമ്ബര്‍ക്കമില്ലാത്തതിനാല്‍ കുട്ടികള്‍ക്ക് പ്രതിരോധശേഷി കുറഞ്ഞു. അങ്കണവാടികളും സ്‌കൂളുകളും തുറന്നപ്പോള്‍ വീണ്ടും അണുക്കളുമായി കൂടുതല്‍ സമ്ബര്‍ക്കത്തിലായി. ശ്വാസകോശ അണുബാധ ചികിത്സിച്ചില്ലെങ്കില്‍ ന്യുമോണിയയ്ക്കു സാദ്ധ്യതയുള്ളതിനാല്‍ എത്രയും വേഗം ചികിത്സ തേടണം. സ്‌കൂളുകള്‍ വഴി ഇക്കാര്യത്തില്‍ അവബോധം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.

അപായ സൂചനകള്‍

ശ്വാസംമുട്ടല്‍,കഫത്തില്‍ രക്തം,അസാധാരണ മയക്കം, തളര്‍ച്ച, നാക്കിലോ ചുണ്ടിലോ നഖത്തിലോ നീലനിറം, ശക്തിയായ പനി, അതിയായ തണുപ്പ്, ജന്നി, ക്രമത്തില്‍ കൂടുതല്‍ വേഗതയിലുള്ള ശ്വാസമെടുപ്പ് എന്നിവ കണ്ടാല്‍ ഉടന്‍ കുട്ടിക്ക് ചികിത്സ ഉറപ്പാക്കണം.

രക്ഷിതാക്കള്‍ ശ്രദ്ധിക്കണം

രോഗലക്ഷണമുള്ള കുട്ടികളെ സ്‌കൂളില്‍ വിടരുത്

തണുത്ത ആഹാരമോ പാനീയമോ നല്‍കരുത്
ആഹാരം അളവ് കുറച്ച്‌ കൂടുതല്‍ തവണ നല്‍കുക
മരുന്നും പോഷകമുള്ള ചൂടുപാനീയങ്ങളും നല്‍കണം
പപ്പായ, മാങ്ങ തുടങ്ങി ലഭ്യമായ പഴങ്ങള്‍ നല്‍കണം
കൃത്യമായി മരുന്ന് നല്‍കണം