ചികിത്സ നിഷേധിക്കപ്പെട്ടതിനെ തുടർന്ന് ഇരട്ടകുട്ടികൾ മരിച്ച സംഭവം: അന്വേഷണത്തിന് ഉത്തരവ്

mother andInfant-death madeena

തിരുവനന്തപുരം: വിവിധ ആശുപത്രികളിൽ ചികിത്സ നിഷേധിക്കപ്പെട്ടതിനെ മലപ്പുറം കീഴിശ്ശേരി സ്വദേശി ഷരീഫ്- ഷഹല ദമ്പതികളുടെ ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു.

ആരോഗ്യമന്ത്രി കെ കെ ശൈലജയാണ് ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറിയോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. എത്രയും വേഗം റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം. വളരെ വേദനാജനകമായ സംഭവമാണിതെന്നും കുറ്റകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, യുവതിയുടെ ആരോഗ്യ നിലയിൽ പുരോഗതിയുള്ളതായി ആശുപത്രി അധികൃതർ അറിയിച്ചു. പ്രസവത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഷഹലയെ ഐസിയുവിൽ നിന്ന് മാറ്റി.

കോവിഡ് ചികിത്സ പൂർത്തിയാക്കിയതിനാൽ മഞ്ചേരി മെഡിക്കൽ കോളജ് ഉൾപ്പെടെ അഞ്ച് ആശുപത്രികൾ ചികിത്സ നിഷേധിച്ചെന്നാണ് പരാതി. സ്വകാര്യ ആശുപത്രികൾ ആർ ടി പി സി ആർ ഫലം വേണമെന്ന് നിർബന്ധം പിടിച്ചതാണ് ചികിത്സ ലഭിക്കാൻ വൈകിയത്. പ്രസവ വേദന അനുഭവപ്പെട്ട് മണിക്കൂറുകളോളം കഴിഞ്ഞാണ് യുവതിയെ കോഴിക്കോട് മെഡിക്കൽ കോളജിലെത്തിച്ചത്. ചികിത്സ വൈകിയതാണ് കുട്ടികളുടെ മരണത്തിലെത്തിച്ചതെന്നാണ് റിപ്പോർട്ട്.

ഗർഭിണിയായിരുന്ന സഹല മഞ്ചേരി മെഡിക്കൽ കോളജിൽ നിന്ന് കോവിഡ് ചികിത്സ പൂർത്തിയാക്കി രണ്ട് ദിവസം മുമ്പ് വീട്ടിലേക്ക് പോയതാണ്. തുടർന്ന് കടുത്ത വേദനയെ തുടർന്നാണ് തിരികെ ആശുപത്രിയിൽ എത്തിയത്. എന്നാൽ കോവിഡ് ചികിത്സ പൂർത്തിയാക്കിയതിനാൽ കോവിഡ് ആശുപത്രിയായ മഞ്ചേരിയിൽ പ്രവേശിപ്പിക്കാനാകില്ലെന്ന നിലപാടാണ് അധികൃതർ സ്വീകരിച്ചത്.

മറ്റൊരു സർക്കാർ ആശുപത്രിയിലേക്ക് റഫർ ചെയ്ത് തരണമെന്ന ആവശ്യവും മഞ്ചേരി മെഡിക്കൽ കോളജ് അധികൃതർ നിഷേധിച്ചതായും പരാതിയുണ്ട്. തുടർന്ന് ഉച്ചയോടെ കോട്ടപ്പറമ്പ് സർക്കാർ ആശുപത്രിയിലേക്ക് പോയെങ്കിലും പി സി ആർ പരിശോധനാ ഫലം ഉണ്ടെങ്കിലെ അഡ്മിറ്റ് ചെയ്യാൻ കഴിയൂ എന്ന് പറഞ്ഞ് മടക്കി അയക്കുകയായിരുന്നെന്ന് യുവതിയുടെ ഭർത്താവും മാധ്യമപ്രവർത്തകനുമായ ഷരീഫ് പറഞ്ഞു.