ന്യൂഡൽഹി: ഈ വർഷം അവസാനത്തോടെ രാജ്യത്ത് കൊറോണ വൈറസിനെതിരെയുള്ള വാക്സിൻ ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഹർഷ് വർധൻ പറഞ്ഞു. അടുത്ത നാലഞ്ച് മാസത്തിനുള്ളിൽ ഒരു വാക്സിൻ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.
കാര്യങ്ങൾ അനുകൂലമായാൽ ഈ വർഷം അവസാനിക്കുന്നതോടെ ഇന്ത്യക്ക് കൊറോണവൈറസിനെതിരായ വാക്സിൻ ലഭിക്കുമെന്ന് പിന്നീട് അദ്ദേഹം ട്വീറ്റ് ചെയ്തു.
ലോകരാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കൊവിഡ് പ്രതിരോധത്തിൽ വൻ മുന്നേറ്റം നടത്തിയത് ഇന്ത്യയാണെന്ന് മന്ത്രി ഡോ. ഹർഷ് വർധൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് രാജ്യത്ത് കൊവിഡ് മരണനിരക്ക് ഏറ്റവും കുറവാണ്. രോഗമുക്തി നിരക്ക് ഏറ്റവും ഉയർന്ന രാജ്യവും ഇന്ത്യ തന്നെ. നലവിൽ 75 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.
എന്നാൽ, രാജ്യത്തെ കോവിഡ് കേസുകളുടെ വർധനവിനെനെക്കുറിച്ച് മാത്രമാണ് ലോകം ചർച്ച ചെയ്യുന്നത്. കേസുകൾ കൂടുന്നത് ആശങ്കയുണർത്തുന്ന കാര്യമാണെങ്കിലും മരണനിരക്ക് 1.87 ശതമാനം മാത്രമാണ. 1,511 കോവിഡ് പരിശോധനാ ലാബുകൾ രാജ്യത്ത് പ്രവർത്തിക്കുന്നുണ്ട്. ഇതിലൂടെ 24 മണിക്കൂറിനിടെ പത്ത് ലക്ഷം പരിശോധനകൾ നടക്കുന്നു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഈ നേട്ടം നാഴികക്കല്ലാണ്. രാജ്യത്ത് ഇതുവരെ 3.4 കോടി ടെസ്റ്റുകൾ നടത്തിയതായും അദ്ദേഹം പറഞ്ഞു. രാജ്യത്ത് 30,44,940 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 22,80,566 പേർ രോഗമുക്തി നേടി. 7,07,668 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 56,706 പേർ മരിച്ചു.
അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 912 മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇന്നലെ മാത്രം 69,239 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഏറ്റവും കൂടുതൽ കോവിഡ് കേസുകളുള്ള രാജ്യങ്ങളിൽ യുഎസ്സിനും ബ്രസീലിനും പിന്നിലാണ് ഇന്ത്യ. കോവിഡ് മരണങ്ങളുടെ കാര്യത്തിൽ യുഎസ്സും ബ്രസീലും മെക്സിക്കോയും കഴിഞ്ഞാൽ രാജ്യം നാലാം സ്ഥാനത്താണ്.