Friday, September 30, 2022
HomeNewsNationalകിവീസിനോടും തോറ്റു; ഇന്ത്യയുടെ സെമി സാധ്യത മങ്ങുന്നു

കിവീസിനോടും തോറ്റു; ഇന്ത്യയുടെ സെമി സാധ്യത മങ്ങുന്നു

ദുബായ്: ട്വന്റി 20 ലോകകപ്പിലെ നിർണായക മത്സരത്തിൽ ന്യൂസീലൻഡിനോട് ഇന്ത്യയ്ക്ക് തോൽവി. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ ടോസ് മുതൽ തൊട്ടതെല്ലാം പിഴച്ച ഇന്ത്യയെ എട്ടു വിക്കറ്റിനാണ് ന്യൂസിലാൻഡ് പരാജയപ്പെടുത്തിയത്.

 

ഗ്രൂപ്പിലെ രണ്ടാം തോൽവിയോടെ ഇന്ത്യയുടെ സെമി സാധ്യതകൾ അനിശ്ചിതത്വത്തിലായി. ആദ്യ മത്സരത്തിൽ ഇന്ത്യ പാകിസ്താനോട് 10 വിക്കറ്റിന്റെ തോൽവി വഴങ്ങിയിരുന്നു.

 

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഉയർത്തിയ 111 റൺസ് വിജയലക്ഷ്യം 14.3 ഓവറിൽ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കിവീസ് മറികടക്കുകയായിരുന്നു.

35 പന്തിൽ മൂന്ന് സിക്സും നാല് ഫോറുമടക്കം 49 റൺസെടുത്ത ഡാരിൽ മിച്ചെലാണ് കിവീസ് ജയം ഏളുപ്പമാക്കിയത്. രണ്ടാം വിക്കറ്റിൽ ക്യാപ്റ്റൻ കെയ്ൻ വില്യംസണൊപ്പം 72 റൺസിന്റെ കൂട്ടുകെട്ടാണ് ഇവർ പടുത്തുയർത്തിയത്.

 

ക്യാപ്റ്റൻ കെയ്ൻ വില്യംസൺ 31 പന്തിൽ നിന്ന് മൂന്ന് ബൗണ്ടറിയടക്കം 33 റൺസോടെ പുറത്താകാതെ നിന്നു. ഡെവോൺ കോൺവെ രണ്ടു റൺസെടുത്തു.

 

കിവീസ് ഇന്നിങ്സിൽ വീണ രണ്ടു വിക്കറ്റുകളും സ്വന്തമാക്കിയത് ജസ്പ്രീത് ബുംറയാണ്. നാല് ഓവറിൽ 19 റൺസ് മാത്രം വഴങ്ങിയാണ് ബുംറ രണ്ടു വിക്കറ്റെടുത്തത്.

 

ഈ ജയത്തോടെ 2003-ന് ശേഷം ഐ.സി.സി ടൂർണമെന്റുകളിൽ ഇന്ത്യയോട് തോറ്റിട്ടില്ലെന്ന റെക്കോഡ് ന്യൂസിലാൻഡ് നിലനിർത്തി.

 

നേരത്തെ ന്യൂസീലൻഡിനെതിരായ നിർണായക മത്സരത്തിൽ ബാറ്റിങ് മറന്ന ഇന്ത്യയ്ക്ക് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ നേടാനായത് 110 റൺസ് മാത്രമായിരുന്നു.

 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കായി ഇഷാൻ കിഷൻ – കെ.എൽ രാഹുൽ ഓപ്പണിങ് സഖ്യം നേടിയത് 11 റൺസ് മാത്രമാണ്. നാലു റൺസെടുത്ത കിഷനെ മൂന്നാം ഓവറിൽ തന്നെ ട്രെന്റ് ബോൾട്ട് മടക്കി.ആറാം ഓവറിൽ കെ.എൽ രാഹുലിനെ ടിം സൗത്തി മടക്കി. 16 പന്തിൽ നിന്ന് മൂന്ന് ഫോറടക്കം 18 റൺസ് മാത്രമാണ് രാഹുലിന് നേടാനായത്.

14 പന്തിൽ നിന്ന് ഒരു സിക്സും ഫോറുമടക്കം 14 റൺസെടുത്ത രോഹിത് ശർമ എട്ടാം ഓവറിൽ മടങ്ങിയതോടെ ഇന്ത്യ ശരിക്കും പ്രതിരോധത്തിലായി. പിന്നാലെ 17 പന്തിൽ നിന്ന് വെറും ഒമ്പത് റൺസ് മാത്രമെടുത്ത വിരാട് കോലിയേയും മടക്കിയ സോദി ഇന്ത്യയുടെ പ്രതീക്ഷകൾ ഇല്ലാതാക്കി.

അച്ചടക്കത്തോടെ പന്തെറിഞ്ഞ കിവീസ് ബൗളർമാർ ഇന്ത്യൻ ബാറ്റർമാരെ അനങ്ങാൻ അനുവദിച്ചില്ല. ഇന്നിങ്സിനിടെ 10 ഓവറുകളോളം ഒരു ബൗണ്ടറി പോലും നേടാൻ ഇന്ത്യയ്ക്ക് സാധിച്ചില്ലെന്നത് കിവീസ് ബൗളർമാരുടെ മികവ് എടുത്ത് കാട്ടുന്നു. ആറാം ഓവറിൽ ഒരു ബൗണ്ടറി കണ്ടെത്തിയ ഇന്ത്യയ്ക്ക് പിന്നീടൊന്ന് നേടാൻ 17-ാം ഓവർ വരെ കാത്തിരിക്കേണ്ടി വന്നു. ഹാർദിക് പാണ്ഡ്യയാണ് ഒടുവിൽ ഈ ബൗണ്ടറി വരൾച്ച അവസാനിപ്പിച്ചത്.

 

നാല് ഓവറിൽ 20 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ടെൻഡ് ബോൾട്ടാണ് കിവീസ് ബൗളർമാരിൽ തിളങ്ങിയത്. നാല് ഓവറിൽ വെറും 17 റൺസിന് രണ്ടു വിക്കറ്റ് വീഴ്ത്തിയ ഇഷ് സോധിയും മികച്ച പ്രകടനം പുറത്തെടുത്തു.

 

ഇനിയുള്ള മത്സരങ്ങളിൽ അഫ്ഗാനിസ്താൻ, സ്കോട്ലൻഡ്, നമീബിയ എന്നിവരെ തോൽപ്പിച്ചാലും ഇന്ത്യ സെമിയിലെത്താൻ സാധ്യത കുറവാണ്. കഴിഞ്ഞ രണ്ടു മത്സരങ്ങളുടെയും ഫലം ടീമിന്റെ നെറ്റ് റൺറേറ്റിനെ ബാധിച്ച സാഹചര്യത്തിലാണിത്.

Most Popular