ന്യൂഡൽഹി : രാജ്യത്ത് കാലാവർഷം ശക്തം. കനത്ത മഴയിൽ മിക്ക സംസ്ഥാനങ്ങളും വെള്ളപൊക്ക ഭീഷണി നേരിടുകയാണെന്നാണ് റിപ്പോർട്ടുകൾ.
ഗുജറാത്തിലും മഹാരാഷ്ട്രയിലുമാണ് മണ്‍സൂണ്‍ ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്. ഇരു സംസ്ഥാനങ്ങളിലും വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് ഏറെ അപകടകരമായ സാഹചര്യമാണ് നിലവിലുള്ളത്.
കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്കുന്ന മുന്നറിയിപ്പ് അനുസരിച്ച് അടുത്ത 4-5 ദിവസത്തേക്ക് രാജ്യത്തെ പല സംസ്ഥാനങ്ങളിലും കനത്ത മഴയുണ്ടാകും. ഏകദേശം 25 സംസ്ഥാനങ്ങളിലാണ് കനത്ത മഴയ്ക്കുള്ള സാധ്യത പ്രവചിച്ചിരിയ്ക്കുന്നത്.
ഛത്തീസ്ഗഡ്, വിദര്‍ഭ, മധ്യപ്രദേശ്, ഒഡീഷ, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനം, കേരളം, മാഹി, തീരദേശ ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും ഒപ്പം ഇടി മിന്നലിനും വളരെ സാധ്യതയുണ്ട്
ഗുജറാത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു
അഹമ്മദാബാദ്, സൂറത്ത് ഉള്‍പ്പെടെ ഗുജറാത്തിലെ 6 ജില്ലകളില്‍ കനത്ത മഴയെത്തുടര്‍ന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, മധ്യപ്രദേശിലും രാജസ്ഥാനിലും മഴ തുടരുകയാണ്. മധ്യപ്രദേശിലെ ഭോപ്പാല്‍, ഇന്‍ഡോര്‍, ജബല്‍പൂര്‍ എന്നിവയുള്‍പ്പെടെ 33 ജില്ലകളില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടുത്ത മൂന്ന് ദിവസത്തേക്ക് ഇവിടെ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.