ശ്രീനഗർ: ജൂലൈ 18ന് ജമ്മുകശ്മീരിലെ ഷോപ്പിയാനിൽ സൈന്യം വധിച്ച മൂന്ന് പേർ തീവ്രവാദികളായിരുന്നില്ലെന്ന് ഇന്ത്യൻ സേന. വിവാദ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട സൈനികർക്കെതിരേ കുറ്റം ചുമത്തിയെന്നും പ്രതികൾക്കെതിരേ സൈനിക നിയമപ്രകാരം അച്ചടക്ക നടപടി സ്വീകരിക്കാനുള്ള നിർദേശങ്ങൾ നൽകിയതായും സൈന്യം അറിയിച്ചു.
ജോലി ആവശ്യത്തിനായി ഷോപ്പിയാനിലെത്തിയ ബന്ധുക്കളായ മൂന്ന് യുവാക്കളെയാണ് സൈന്യം തീവ്രവാദകളെന്ന പേരിൽ കൊലപ്പെടുത്തിയത്. ഇതിനെതിരേ യുവാക്കളുടെ കുടുംബാംഗങ്ങളും പ്രദേശവാസികളും നൽകിയ പരാതിയിലാണ് നടപടി.
നിയമത്തിന് വിരുദ്ധമായാണ് സൈനികർ പെരുമാറിയതെന്നും ഷോപ്പിയാൻ ഏറ്റുമുട്ടലിൽ അഫ്സ്പ നിയമത്തെ സൈന്യം ദുരുപയോഗം ചെയ്തതായും കണ്ടെത്തിയിരുന്നു. കൊല്ലപ്പെട്ട മൂന്ന് പേരുടെയും കുടുംബം ഇത് വ്യാജ ഏറ്റുമുട്ടലാണെന്ന് അവകാശപ്പെട്ടിരുന്നു. യുവാക്കൾക്ക് തീവ്രവാദ ബന്ധമുണ്ടായിരുന്നില്ലെന്നും ബന്ധുക്കൾ പരാതിയിൽ പറഞ്ഞിരുന്നു. കുടുംബത്തിന്റെ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ഓപ്പറേഷൻ അംമിഷിപോരക്കെതിരേ അന്താരാഷ്ട്ര അന്വേഷണത്തിന് സൈന്യം ഉത്തരവിട്ടത്.
പ്രാഥമിക അന്വേഷണത്തിൽ കുറ്റക്കാരെന്ന് കണ്ടത്തിയതിനെ തുടർന്ന് സൈനികർക്കെതിരേ നടപടി സ്വീകരിക്കുകയായിരുന്നു. രജൗരി നിവാസികളായ ഇംതിയാസ്, അഹമ്മദ്, അബ്റാർ അഹ്മദ്, മൊഹദ് അബ്റാർ എന്നിവരാണ് അംഷിപോര ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. മരിച്ച മൂന്ന് പേരുടെയും ഡി എൻ എ റിപ്പോർട്ടിനായി സൈന്യം കാത്തിരിക്കുകയാണ്. മരിച്ച മൂന്ന് പേർക്കും തീവ്രവാദ ബന്ധമുണ്ടെന്ന സൈന്യത്തിന്റെ ആരോപണത്തിൽ ജമ്മുകശ്മീർ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.