ദില്ലി: യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനുള്ള രക്ഷാപ്രവര്‍ത്തനത്തിലെ ആദ്യ വിമാനം മുംബൈക്ക് തിരിച്ചു. 470 പേരുടെ സംഘത്തെയാണ് ഇന്ത്യയിലേക്ക് തിരികെ എത്തിക്കുക. ഇന്ത്യൻ സമയം രാവിലെ 9.30 ഓടെയാണ് ആദ്യസംഘം റൊമേനിയിലെ ബുക്കാറെസ്റ്റിലെ വിമാനത്താവളത്തിൽ എത്തിയത്. ഭക്ഷണവും വെള്ളവും ഇവർക്ക് എംബസി അധികൃതർ വിതരണം ചെയ്തു. മടക്കയാത്രക്കുള്ള നടപടികൾ പൂർത്തിയാക്കി. സംഘത്തിലുള്ള മലയാളികൾക്കായി കേരള ഹൗസിൽ താമസം, ഭക്ഷണം, യാത്രാ സൗകര്യങ്ങൾ ഒരുക്കും. ദില്ലി വിമാനത്താവളത്തിൽ കേരള ഹൗസിന്റെ കേന്ദ്രം തുറക്കും. ഭക്ഷണം, ടിക്കറ്റ് തുടങ്ങിയവയുടെയെല്ലാം ചിലവ് സംസ്ഥാനം വഹിക്കുമെന്നാണ് സൂചന.
ഇന്ത്യയിലെത്തുന്ന മലയാളികളുടെ വിവരങ്ങള്‍ മുന്‍കൂട്ടി ലഭ്യമാകാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചതായും വിമാനത്താവളത്തിലെത്തുന്ന വിദ്യാര്‍ത്ഥികളെ സ്വീകരിച്ച് നാട്ടിലേയ്ക്കുള്ള യാത്ര സുഗമമാക്കാന്‍ വേണ്ട നടപടികള്‍ റെസിഡന്റ് കമ്മീഷണറും നോര്‍ക്ക ഉദ്യോഗസ്ഥരും കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അതെസമയം കീവ് ഉൾപ്പെടെയുള്ള മേഖലകളിൽ നിന്ന് വിദ്യാർത്ഥികളെ പടിഞ്ഞാറൻ അതിർത്തികളിലേക്ക് എത്തിക്കാനുളള നടപടികൾ സംബന്ധിച്ച് കേന്ദ്രസർക്കാർ ഉടൻ വ്യക്തത വരുത്തും.