മുകേഷ് അംബാനിയുടെ റെക്കോർഡ് മറികടന്നു; ഏഷ്യയിലെ ഏറ്റവും വലിയ ധനികനായി ഗൗതം അദാനി

ന്യൂഡല്‍ഹി: ഏഷ്യയിലെ ഏറ്റവും വലിയ ധനികനായി മാറി ഗൗതം അദാനി. ബ്ലൂംബര്‍ഗ് ബില്യണയര്‍ സൂചിക പ്രകാരം ഇന്നലെ അദ്ദേഹത്തിന്റെ ആസ്തി 88.5 ബില്യണ്‍ ഡോളറിലെത്തി. ഇതോടെ ഏഷ്യയിലെ ഏറ്റവും വലിയ ധനികരിലൊരാളായ മുകേഷ് അംബാനിയുടെ റെക്കോര്‍ഡ് അദാനി മറികടന്നു.

മുകേഷ് അംബാനിക്ക് 87.9 ബില്യണ്‍ ഡോളറാണ് ആസ്തി. തന്റെ ആസ്തിയില്‍ ഈ വര്‍ഷം 12 ബില്യണ്‍ ഡോളറിന്റെ വര്‍ധനയാണ് അദാനി സ്വന്തമാക്കിയത്. ഈ വര്‍ഷം ലോകത്തിലെ ഏറ്റവും വലിയ സമ്പത്ത് നേടിയ വ്യക്തികൂടിയായി മാറി അദ്ദേഹം.
കല്‍ക്കരി, തുറമുഖ ബിസിനസുകളില്‍ ഒതുങ്ങിയിരുന്ന അദാനിയുടെ ബിസിനസ് ചെറുകിട ചരക്ക് വ്യാപാരമേഖലയിലേക്കും കടന്നതാണ് നേട്ടത്തിനു കാരണം. അദാനി ഗ്രൂപ്പിന്റെ ചില ഓഹരികള്‍ രണ്ട് വര്‍ഷത്തിനിടെ 600 ശതമാനത്തിലധികം ഉയര്‍ന്നിരുന്നു. ഇന്ത്യന്‍ ബെഞ്ച് മാര്‍ക്ക് സൂചികകളില്‍ കൂടുതല്‍ അദാനി കമ്പനികളെ ഉള്‍പ്പെടുത്താന്‍ എം.എസ്.സി.ഐ. ഐ.എന്‍.സി. തീരുമാനിച്ചിരുന്നു.