വിമാനത്താവളങ്ങളിൽ അന്താരാഷ്ട്ര യാത്രക്കാരുടെ റാൻഡം സാമ്പിളിംഗ് പുനരാരംഭിച്ചു

ന്യൂ ഡൽഹി: രാജ്യത്തുടനീളമുള്ള വിമാനത്താവളങ്ങളിൽ അന്താരാഷ്ട്ര യാത്രക്കാരുടെ റാൻഡം സാമ്പിളിംഗ് ഇന്ത്യ ബുധനാഴ്ച പുനരാരംഭിച്ചു. ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഫ്രാൻസ്, യുണൈറ്റഡ് സ്റ്റേറ്റ്സ് തുടങ്ങി നിരവധി രാജ്യങ്ങളിൽ കൊവിഡ് -19 കേസുകളുടെ പെട്ടെന്നുള്ള വർദ്ധനവിന്റെ പശ്ചാത്തലത്തിലാണ് നടപടി.

അതേസമയം കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ ചൈനയിൽ കൊവിഡ് -19 കേസുകളുടെ എണ്ണത്തിലുണ്ടായ പെട്ടെന്നുള്ള കുതിച്ചുചാട്ടത്തിന് പിന്നിലുള്ള ഒമിക്‌റോൺ സബ് വേരിയന്റായ ബി.എഫ്.7 ന്റെ നാല് കേസുകൾ ജൂലൈ, സെപ്റ്റംബർ, നവംബർ മാസങ്ങളിൽ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഗുജറാത്തിൽ നിന്ന് മൂന്ന് കേസുകളും ഒഡീഷയിൽ നിന്ന് ഒരു കേസുമാണ് റിപ്പോർട്ട് ചെയ്‌തത്‌.

രാജ്യത്ത് നിലവിൽ കൊവിഡ് -19 ന്റെ പത്ത് വ്യത്യസ്ത വകഭേദങ്ങളാണുള്ളത്. ഏറ്റവും പുതിയ വേരിയന്റ് ബി.എഫ്.7ന് പുറമെ ഒമിക്‌റോണിന്റെ വിവിധ വകഭേദങ്ങളും നിലവിൽ രാജ്യത്ത് വ്യാപിക്കുന്നുണ്ട്. ഡെൽറ്റ വേരിയന്റ് ഇപ്പോഴും രാജ്യത്ത് കാണാൻ കഴിയുമെന്നും വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്‌തു.