കൊളംബോ: ശ്രീലങ്കയുടെ ഏഴാമത്തെ പ്രസിഡന്റായി ഗോട്ടാഭയ രാജപക്‌സെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രസിഡന്റിന്റെ സെക്രട്ടറി ഉദയ സെനവിരത്‌നയാണു സത്യവാചകം ചൊല്ലിക്കൊടുത്തത്. കൊളംബോയില്‍നിന്ന് 200കിലോമീറ്റര്‍ അകലെ പുരാതന നഗരമായ അനുരാധപുരയിലെ ബുദ്ധക്ഷേത്രത്തിലായിരുന്നു സത്യപ്രതിജ്ഞ. കൊളംബോയ്ക്കു വെളിയില്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ആദ്യ പ്രസിഡന്റാണ് രാജ പക്‌സെ.
സത്യപ്രതിജ്ഞാവേദിയായി റുവന്‍വേലി സെയായിലെ ബുദ്ധ കേന്ദ്രം തെരഞ്ഞെടുത്തത് ബുദ്ധമതക്കാരുടെ പിന്തുണയാണ് തനിക്ക് കരുത്തു പകര്‍ന്നതെന്ന് വ്യക്തമാക്കാനാണ്. തമിഴ് രാജാവ് എല്ലാറയെ പരാജയപ്പെടുത്തി ബിസി 140ല്‍ ദുത്തുഗെമുനു എന്ന സിംഹളരാജാവ് സ്ഥാപിച്ച ഈ ബുദ്ധവിഹാരത്തിലെ സ്തൂപം ഏറെ പ്രസിദ്ധമാണ്.
മുസ്ലിം, തമിഴ് ന്യൂനപക്ഷങ്ങള്‍ക്ക് എല്ലാ സംരക്ഷണവും ഉറപ്പാക്കുമെന്നു വ്യക്തമാക്കിയ ഗോട്ടാഭയ തന്നെ വിജയിപ്പിച്ചതിന് ഭൂരിപക്ഷ സിംഹളര്‍ക്ക് നന്ദി പറഞ്ഞു. ബുദ്ധമതക്കാര്‍ക്ക് മുന്‍ഗണന നല്‍കുമെന്നും പറഞ്ഞു.
തമിഴ്പുലികളെ ഉന്മൂലനം ചെയ്ത് ശ്രീലങ്കയിലെ ആഭ്യന്തരയുദ്ധത്തിന് അറുതിവരുത്തിയ മുന്‍ പ്രതിരോധ സെക്രട്ടറിയായ ഗോട്ടാഭയ മുന്‍ പ്രസിഡന്റ് മഹിന്ദ രാജപക്‌സെയുടെ സഹോദരനാണ്. എതിരാളി സജിത് പ്രേമദാസയെക്കാള്‍ 13ലക്ഷം വോട്ട് അധികം നേടിയാണ് ഗോട്ടാഭയ അധികാരത്തിലെത്തിയത്.