മുസ് ലിംകള്‍ നേരിടുന്ന വെല്ലുവിളികള്‍ക്ക് പരിഹാരം തേടി മലേഷ്യയില്‍ ഉച്ചകോടി; ഖത്തര്‍ അമീര്‍ പങ്കെടുക്കും

qatar amir birthday

ക്വാലാലംപൂര്‍: ആഗോളതലത്തില്‍ മുസ്‌ലിംകള്‍ നേരിടുന്ന വെല്ലുവിളികള്‍ക്കും പ്രതിസന്ധികള്‍ക്കും പരിഹാരം തേടി അഞ്ചു മുസ്‌ലിം രാഷ്ട്രങ്ങള്‍ മലേഷ്യന്‍ തലസ്ഥാനമായ ക്വലാലംപൂരില്‍ ഒത്തു ചേരുന്നു. മലേഷ്യ, ഖത്തര്‍, പാകിസ്താന്‍, ഇന്തോനേഷ്യ എന്നിവയാണ് ക്വാലാലംപൂര്‍ ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തുന്നത്. ഡിസംബര്‍ 18 മുതല്‍ 21 വരെയാണ് ഉച്ചകോടി.

സമ്മേളനത്തില്‍ മുസ്‌ലിം ലോകം അനുഭവിക്കുന്ന വെല്ലുവിളികളെ കുറിച്ച് വിശദമായി ചര്‍ച്ച ചെയ്യുകയും പരിഹാരങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്യുമെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി ഡോ. മഹാതിര്‍ മുഹമ്മദ് പറഞ്ഞു. കൂടുതല്‍ മുസ്‌ലിം രാജ്യങ്ങള്‍ പിന്നീട് ഈ കൂട്ടായ്മയുടെ ഭാഗമാവുമെന്ന് അദ്ദേഹം പ്രത്യാശിച്ചു.

ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി, തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍, പാകിസ്താന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ തുടങ്ങിയവര്‍ ഉച്ചകോടിയില്‍ പങ്കെടുക്കുമെന്ന് ഉറപ്പായിട്ടുണ്ട്. ‘ഇസ്‌ലാമിക ലോകം മുന്‍കാലങ്ങളില്‍ ലോക സംസ്‌കൃതിയുടെ മുന്നോട്ടു പോക്കില്‍ വലിയ പങ്കുവഹിച്ചിരുന്നവരാണെങ്കില്‍ ഇന്ന് കാര്യങ്ങള്‍ മാറിയിരിക്കുന്നു. ഇപ്പോള്‍ ഇസ്‌ലാം ഭീകരതയുടെ മതമെന്ന നിലയിലാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഇസ്‌ലാമോഫോബിയയും ലോകം മുഴുവന്‍ വ്യാപിച്ചിരിക്കുന്നു. ഇത്തരം പ്രശ്നങ്ങള്‍ ബുദ്ധിജീവികളും വിദഗ്ധരും ഇരുന്ന് ചര്‍ച്ച ചെയ്യണം. അതിലൂടെ പരിഹാരം കണ്ടെത്തുകയും വേണം. മുസ്‌ലിം ലോകത്തിന്റെ പഴയ പ്രതാപം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത്’- ക്വാലാലംപൂര്‍ ഉച്ചകോടിയുടെ ചെയര്‍മാന്‍ കൂടിയായ മഹാതിര്‍ മുഹമ്മദ് വിശദീകരിച്ചു.

ദേശീയ പരമാധികാരം നിലനിര്‍ത്തുന്നതില്‍ വികസനത്തിന്റെ പങ്ക് എന്നാണ് ഉച്ചകോടിയുടെ മുഖ്യ പ്രമേയം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 450ഓളം മുസ് ലിം ബുദ്ധിജീവികളും ചിന്തകരും ഈ വിഷയം ചര്‍ച്ച ചെയ്യും. കൂടാതെ അഖണ്ഡതയും സല്‍ഭരണവും, സംസ്‌കാരവും സ്വത്വവും, നീതിയും സ്വാതന്ത്ര്യവും തുടങ്ങിയ പ്രമേയങ്ങളും ചര്‍ച്ച ചെയ്യുന്നുണ്ട്.