ന്യൂയോര്‍ക്ക്: കൊറോണ വൈറസിന്റെ ഉല്‍ഭവം സംബന്ധിച്ച് ലോകാരോഗ്യ സംഘടനയുടെ പഠന റിപോര്‍ട്ട് പുറത്തുവിട്ടു. ചൈനയിലെ ലാബില്‍ നിന്ന് പുറത്തേക്ക് ചോര്‍ന്നതാണ് വൈറസ് എന്ന സിദ്ധാന്തത്തെ നിരാകരിക്കുന്നതാണ് ചൊവ്വാഴ്ച്ച പുറത്തുവന്ന റിപോര്‍ട്ട്.
വൈറസ് ലാബില്‍ നിന്ന് ഉല്ഭവിച്ചതാവാനുള്ള സാധ്യത വളരെ കുറവാണെന്നാണ് 17 അന്താരാഷ്ട്ര വിദഗ്ധര്‍ തയ്യാറാക്കിയ റിപോര്‍ട്ടില്‍ പറയുന്നത്. അമേരിക്കയാണ് ഇങ്ങിനെയൊരു സിദ്ധാന്തം ആദ്യമായി മുന്നോട്ട് വച്ചത്. ചൈന അന്ന് തന്നെ ഇത് തള്ളിക്കളഞ്ഞിരുന്നു. വൈറസ് മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് എത്തിയതായാണ് തെളിവുകള്‍ സൂചിപ്പിക്കുന്നതെന്ന് നാലാഴ്ച്ച നീണ്ട പഠനത്തിലെ റിപോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍, റിപോര്‍ട്ട് സംബന്ധിച്ച് 14 രാജ്യങ്ങള്‍ ആശങ്ക അറിയിച്ചു. മഹാമാരിയെ തടയുന്നതിനും എങ്ങിനെയാണ് വൈറസ് വ്യാപനം തുടങ്ങിയതെന്ന് മനസ്സിലാക്കുന്നതിനും ലോകാരോഗ്യ സംഘടന നടത്തുന്ന ശ്രമങ്ങളെ പിന്തുണക്കുന്നു. എന്നാല്‍, കൊറോണയുടെ ഉല്‍ഭവം കണ്ടെത്തുന്നതിനുള്ള അന്താരാഷ്ട്ര വിദഗ്ധരുടെ പഠനം വളരെ വൈകിയതിലും വിവരങ്ങളും സാംപിളുകളും പൂര്‍ണമായി ലഭ്യമാകാത്തതിലും 14 രാജ്യങ്ങള്‍ പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയില്‍ ആശങ്ക അറിയിച്ചു. യുനൈറ്റഡ് സ്റ്റേറ്റ്സ്, ആസ്ത്രേലിയ, കാനഡ, ചെക്ക് റിപബ്ലിക്, ഡെന്മാര്ക്ക്, എസ്തോണിയ, ഇസ്രായേല്‍, ജപ്പാന്, ലാറ്റ്വിയ, ലിത്വാനിയ, നോര്‍വേ, കൊറിയ, സ്ലോവേനിയ, യുകെ എന്നീ രാജ്യങ്ങളാണ് ആശങ്ക അറിയിച്ചത്.
അതേ സമയം, ഈ റിപോര്‍ട്ട് സമഗ്രമല്ലെന്നും ലാബ് ലീക്ക് സംബന്ധിച്ച് കൂടുതല്‍ പഠനം ആവശ്യമാണെന്നും ലോകാരോഗ്യ സംഘടനാ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനം പിന്നീട് പ്രതികരിച്ചു.
ALSO WATCH