ജറുസലേം: ഇസ്രായേലില്‍ കോവിഡ് വൈറസിനെതിരെയുള്ള ഫൈസര്‍ വാക്സിന് സീകരിച്ച 240 പേര്‍ക്ക് കോവിഡ്. ഇസ്രായേല്‍ പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 10 ലക്ഷത്തോളം പേര് വാക്സിന് സ്വീകരിച്ചതില്‍ നിന്നാണ് 240 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഫൈസര്‍ വാക്സിന് ഉടനടി പ്രതിരോധശേഷി നല്‍കില്ലെന്നും വൈറസിനെതിരെ ഫലപ്രദമായ ആന്റിബോഡികള്‍ വികസിപ്പിക്കാന്‍ ശരീരം സമയമെടുക്കുമെന്നും അതുകൊണ്ടാണ് തൊട്ടടുത്ത ദിവസങ്ങളിലായി ചിലര്‍ക്കെങ്കിലും രോഗബാധയേറ്റതെന്നുമാണ് ചാനല്‍ 13 ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഫൈസര്‍-ബയോഎന്‍ടെക് വാക്സിന് കൊറോണ വൈറസിനെ പെട്ടെന്ന് തന്നെ ആക്രമിക്കാന്‍ കഴിയില്ലെന്നും രോഗത്തെ തിരിച്ചറിയുന്നതിന് മരുന്നിലെ ജനിതക കോഡിന് സമയം ആവശ്യമാണെന്നും പരീക്ഷണഘട്ടത്തില്‍ തെളിഞ്ഞിരുന്നു. നിലവിലെ പഠനം അനുസരിച്ച് ഫൈസര്‍ വാക്സിന് ആദ്യ ഡോസ് സ്വീകരിച്ചാല്‍ 8-10 ദിവസങ്ങള്‍ക്കുള്ളില്‍ മാത്രമേ പ്രതിരോധശേഷി ലഭിക്കുകയുള്ളൂ. ക്രമേണ അത് 50 ശതമാനത്തിലെത്തും.
21 ദിവസത്തിന് ശേഷമുള്ള രണ്ടാമത്തെ ഡോസ് കുത്തിവെപ്പ് നിര്‍ണായകമാകുന്നത് ഇതുകൊണ്ടാണ്. രണ്ടാമത്തെ ഡോസ് എടുത്ത് ഒരാഴ്ച കഴിയുമ്പോഴാണ് 95 ശതമാനമുള്ള പ്രതീക്ഷിത പ്രതിരോധശേഷി കൈവരിക്കുക. വാക്സിന് അതിന്റെ പൂര്‍ണ്ണ ശേഷിയില്‍ ആണെങ്കില്‍പ്പോലും രോഗബാധിതരാകാന്‍ അഞ്ച് ശതമാനം സാധ്യതയുണ്ടെന്നാണ് പറയപ്പെടുന്നത്. അതേസമയം, ഫൈസര്‍-ബയോഎന്‍ടെക് നിര്‍മിച്ച കൊവിഡ് വാക്സിന് അടിയന്തര ഘട്ടത്തില്‍ ഉപയോഗിക്കാന്‍ ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. സംഘടന സാധുത നല്കുന്ന ആദ്യത്തെ വാക്സിനാണ് ഫൈസറിന്റേത്.