പെരുകുന്ന ജനസംഖ്യ; 1100 കോടിയിലെത്താൻ ഇനി വെറും 50 വർഷങ്ങൾ മാത്രം: ഇന്ന് ലോക ജനസംഖ്യ ദിനം

തിരുവനന്തപുരം :കുടുംബാസൂത്രണത്തിന്റെ പ്രാധാന്യവും അതിലൂടെ കുടുംബത്തിനും സമൂഹത്തിനുമുണ്ടാകുന്ന പുരോഗതിയും ഓർമപ്പെടുത്തി  ലോക ജനസംഖ്യാദിനം. അടുത്ത 50 വര്‍ഷം കൊണ്ട് ലോകജനസംഖ്യ ഇരട്ടിച്ച്‌ 1100 കോടിയിലെത്തുമെന്നാണ് ജനസംഖ്യാ വിദഗ്ദ്ധരുടെ കണക്കുകൂട്ടല്‍. കോവിഡ് കാലത്ത് ലോകത്താകമാനം കൂടുതൽ ജനനങ്ങൾ നടക്കുന്നുവെന്ന റിപ്പോർട്ടുകൾ വരുന്നതിനിടെയാണ് ദിനാചരണം. കോവിഡിൽ ആഗോളതലത്തിൽ കുടുംബാസൂത്രണ സേവനങ്ങളിൽ തടസ്സമുണ്ടായി. യുഎൻഎഫ്പിഎ മാർച്ചിൽ നടത്തിയ പഠനത്തിൽ ലോകത്ത് 1.20 കോടി സ്ത്രീകൾക്ക് ഇത്തരം സേവനങ്ങൾ ലഭ്യമാകാതെപോയി. ഇത് ജനസംഖ്യാ വർധനയ്ക്ക് കാരണമാകുമെന്നാണ് കണക്കുകൂട്ടൽ.

ബോസ്നിയയുടെ തലസ്ഥാനമായ സരാജവോയില്‍ പിറന്ന ഒരു കുട്ടിയുടെ പേരാണ് 6 ബില്യണ്‍ത് ബേബി. പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ ഈ കുട്ടിയുടെ ജനനത്തോടെയാണ് ലോക ജനസംഖ്യ അറുനൂറു കോടി തികഞ്ഞതെന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. 1999 ഒക്ടോബര്‍ 12നാണ് 6 ബില്യണ്‍ത് ബേബി ജനിച്ചത്. ഈ കുട്ടിയുടെ പേര് അഡ്നാന്‍ ബെവിക്ക് എന്നാണ്. 2025 ല്‍ ലോകത്തെ ജനസംഖ്യ 8 ബില്യനായും 2083 ഓടെ 1000 കോടിയുമായി വര്‍ധിക്കുമെന്നാണ് യുഎന്‍ കണക്കുകള്‍ പറയുന്നത്.

ജനങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നത് പല തരത്തിലുള്ള വെല്ലുവിളികളെ നേരിടേണ്ട സാഹചര്യത്തിലേക്ക് മനുഷ്യസമൂഹത്തെ എത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.