Tuesday, September 21, 2021
Home News International ജനങ്ങളുടെ കൂട്ടപ്പലായനത്തിനിടെ കാബൂളിൽ അഞ്ച് മരണം

ജനങ്ങളുടെ കൂട്ടപ്പലായനത്തിനിടെ കാബൂളിൽ അഞ്ച് മരണം

കാബൂൾ:  ജനങ്ങളുടെ കൂട്ടപ്പലായനത്തിനിടെ കാബൂളിൽ അഞ്ച് മരണം. എത്രയും വേഗം രാജ്യത്തിനു പുറത്തേക്ക് കടക്കുന്നതിനായി വിമാനത്തിൽ കയറിപ്പറ്റാനുള്ള തിക്കിലും തിരക്കിലും പെട്ടാണ് അഞ്ചുപേർ മരിച്ചതെന്ന് വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. അതേസമയം വിമാനത്താവളത്തിൽനിന്ന് വെടിയൊച്ചകൾ കേട്ടതായും ചില മാധ്യമ റിപ്പോർട്ടുകളിൽ പറയുന്നുണ്ട്.

രാജ്യം താലിബാന്റെ നിയന്ത്രണത്തിലാവുകയും പ്രസിഡന്റ് അഷ്റഫ് ഗനി രാജ്യംവിടുകയും ചെയ്തതിന് പിന്നാലെ പരിഭ്രാന്തരായ ജനങ്ങൾ വിമാനത്താവള ടെർമിനലിലേക്ക് ഇരച്ചെത്തുകയായിരുന്നു. കൈക്കുഞ്ഞുങ്ങൾ അടക്കമുള്ളവരുമായി ആയിരക്കണക്കിന് ജനങ്ങൾ എത്തിയത് വിമാനത്താവളത്തിൽ വലിയ തിക്കുംതിരക്കും സൃഷ്ടിച്ചു. പരിഭ്രാന്തരായ ജനങ്ങൾ വിമാനത്തിൽ തള്ളിക്കയറാൻ ശ്രമിക്കുന്നതിനിടെയാണ് അഞ്ച് പേർ മരിച്ചതെന്നാണ് റിപ്പോർട്ട്.

ഇതിനിടെ, അഫ്ഗാന്റെ വ്യോമമാർഗം അടച്ചതായി വാർത്തകൾ പുറത്തുവന്നിട്ടുണ്ട്. ഇതുസംബന്ധിച്ച് വൈമാനികർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. അമേരിക്കയിൽനിന്ന് എത്തിയ വിമാനങ്ങൾ ഇതോടെ വഴിതിരിച്ചുവിട്ടതായി അധികൃതർ വ്യക്തമാക്കി. ഇന്ത്യയിലേക്കുള്ള ചിക്കാഗോ-ന്യൂഡൽഹി (AI-126), സാൻഫ്രാൻസിസ്കോ-ന്യൂഡൽഹി (AI-174) വിമാനങ്ങളാണ് ഗൾഫ് മേഖലയിലൂടെ വഴിതിരിച്ചുവിട്ടത്. അഫ്ഗാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനുള്ള ഇന്ത്യയുടെ ശ്രമം ഇതോടെ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

Most Popular