ബെയ്ജിങ്: ലോകത്താകെ ഇതിനകം 30,000ഓളം പേരുടെ ജീവനെടുത്ത കൊറോണ വൈറസിന്റെ ആദ്യ ഇര വുഹാനിലെ 57 വയസ്സുള്ള ചെമ്മീന്‍ വില്‍പ്പനക്കാരിയെന്ന് റിപോര്‍ട്ട്.
ഒരു മാസത്തെ ചികില്‍സയ്ക്ക് ശേഷം ജനുവരിയില്‍ ഇവര്‍ക്ക് രോഗം പൂര്‍ണമായും ഭേദമായിരുന്നു. ഹുനാന്‍ പ്രവിശ്യയിലെ സീഫുഡ് മാര്‍ക്കറ്റില്‍ ചെമ്മീന്‍ വില്‍പ്പന നടത്തിക്കൊണ്ടിരുന്ന വെയ് ഗുക്സിയാന് എന്ന സ്ത്രീക്ക് 2019 ഡിസംബര്‍ 10ന് ആണ് ആദ്യമായി പനിയുടെ ലക്ഷണം കണ്ടതെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപോര്‍ട്ട് ചെയ്യുന്നു.
സാധാരണ പനിയായിരിക്കുമെന്ന് കരുതി വെയ് തൊട്ടടുത്തുള്ള ഡോക്ടറെ കണ്ടിരുന്നു. ഡോക്ടര്‍ ഇവര്‍ക്ക് ഒരു ഇന്ജക്ഷന് നല്‍കിയതായി ബ്രിട്ടനിലെ മിറര്‍ പത്രം റിപോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍, കൂടുതല്‍ ക്ഷീണം അനുഭവപ്പെട്ട വെയ് തൊട്ടടുത്ത ദിവസം വുഹാനിലെ ഇലവന്‍ത് ഹോസ്പിറ്റലില്‍ എത്തി. എന്നാല്‍, രോഗം മൂര്‍ഛിച്ചതോടെ അവര്‍ മേഖലയിലെ തന്നെ ഏറ്റവും വലിയ ആശുപത്രിയായി വുഹാന്‍ യൂനിയന്‍ ഹോസ്പിറ്റലില്‍ ചികില്‍സ തേടി. ഡിസംബര്‍ 18ന് ആയിരുന്നു ഇത്.
യൂനിയന്‍ ഹോസ്പിറ്റലില്‍ വച്ചാണ് വെയിയുടെ അസുഖം മാരകമാണെന്നും ഇതേ ലക്ഷണങ്ങളുമായി വുഹാന്‍ മാര്‍ക്കറ്റിലുള്ള പലരും അവിടെ എത്തിയിട്ടുണ്ടെന്നും മനസ്സിലായത്.
ഡിസംബര്‍ അവസാനത്തോടെ വെയിയെ ക്വാരന്റൈന് ചെയ്യുകയും സീഫുഡ് മാര്‍ക്കറ്റിലെ കൊറോണ വൈറസ് ബാധയാണ് രോഗകാരണമെന്ന് ഡോക്ടര്‍മാര്‍ പ്രഖ്യാപിക്കുകയും ചെയ്തതായി ചൈനീസ് പത്രമായ ദി പേപ്പറിനെ ഉദ്ധരിച്ച് മിറര്‍ വ്യക്തമാക്കി.
മനുഷ്യനിലേക്ക് പടര്‍ന്ന അഞ്ചാമത്തെ കൊറോണ വൈറസ് ആണ് കോവിഡ് 19 എന്ന് ദി പേപ്പറിലെ ലേഖനം പറയുന്നു. ഒരു ജീവി വര്‍ഗത്തില്‍ നിന്ന് മറ്റൊന്നിലേക്ക് കടന്നുകയറാനും പുതിയ ഹോസ്റ്റുമായി ഇണങ്ങിച്ചേര്‍ന്ന് പോകാനും കഴിവുള്ള വിഭാഗത്തില്‍ പെട്ടതാണ് കൊറോണ വൈറസ്. ഭാവിയില്‍ ഇത്തരത്തിലുള്ള കൂടുതല്‍ വൈറസുകള്‍ ഉണ്ടായി വരാനുള്ള സാധ്യതയിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്.
വിവിധ മേഖലകളിലെ വിദഗ്ധര്‍ ചേര്‍ന്ന് സെല്‍ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച വിവരങ്ങള്‍ ദി പേപ്പര്‍ ലേഖനത്തില്‍ ഉദ്ധരിച്ചിട്ടുണ്ട്.
കൊറോണ വൈറസ് വ്യാപിച്ചതിനെ തുടര്‍ന്ന് വുഹാനിലെ ലൈവ് മാര്‍ക്കറ്റ് അനിശ്ചിതമായി അടച്ചിരുന്നു. മാര്‍ക്കറ്റിലെ മാംസവില്‍പ്പനക്കാര്‍ ഉപയോഗിച്ചിരുന്ന ടോയ്ലറ്റില് നിന്നാണ് തനിക്ക് രോഗബാധയുണ്ടായതെന്നാണ് വെയ് കരുതുന്നത്. അവരുടെ തൊട്ടടുത്ത് വ്യാപാരം നടത്തിയിരുന്ന പലര്‍ക്കും ഈ രോഗം ബാധിച്ചിരുന്നു.
ആദ്യം രോഗം കണ്ടെത്തിയ 27 പേരില്‍ വെയിയും ഉള്‍പ്പെടുന്നുവെന്ന് വുഹാന്‍ മുനിസിപ്പല്‍ ഹെല്‍ത്ത് കമ്മീഷന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ ചിലത് മാര്‍ക്കറ്റുമായി നേരിട്ട് ബന്ധപ്പെടുന്നതാണ്.
ചൈനാ സര്‍ക്കാര്‍ പെട്ടെന്ന് തന്നെ ഇടപെട്ടിരുന്നുവെങ്കില്‍ രോഗം ഈ രീതിയില്‍ പടരില്ലായിരുന്നുവെന്ന് വെയ് പറയുന്നു.
അതേ സമയം, ആദ്യത്തെ കൊറോണ രോഗിയെ സ്ഥിരീകരിച്ചത് ഡിസംബര്‍ 1ന് ആയിരുന്നുവെന്നാണ് ലാന്‍സെറ്റ് മെഡിക്കല്‍ ജേണലിന്റെ പഠനം പറയുന്നത്.
57-year-old Wuhan shrimp seller identified as coronavirus ‘patient zero’