Sunday, September 19, 2021
Home News International താലിബാനെ കുറിച്ച് മിണ്ടരുത്; വിലക്കേര്‍പ്പെടുത്തി ഫേസ്ബുക്ക്

താലിബാനെ കുറിച്ച് മിണ്ടരുത്; വിലക്കേര്‍പ്പെടുത്തി ഫേസ്ബുക്ക്

ന്യൂയോര്‍ക്ക്: താലിബാനും താലിബാനെ പിന്തുണക്കുന്ന വിധത്തിലുള്ള പോസ്റ്റുകള്‍ക്കും വിലക്കേര്‍പ്പെടുത്തി ഫേസ്ബുക്ക്. താലിബാന്‍ ഭീകര സംഘടനയാണെന്നാണ് ഫേസ്ബുക്കിന്റെ നിലപാട്. താലിബാനുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ നീക്കം ചെയ്യുന്നതിന് അഫ്ഗാന്‍ വിദഗ്ധരായ ഒരു സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും ഫേസ്ബുക്ക് അറിയിച്ചു.

അമേരിക്കന്‍ അനൂകൂല മാധ്യമങ്ങളില്‍ തങ്ങള്‍ക്കെതിരായി വരുന്ന വാര്‍ത്തകളെ പ്രതിരോധിക്കാന്‍ താലിബാന്‍ അടുത്ത കാലത്തായി സോഷ്യല്‍ മീഡിയ കാര്യക്ഷമമായി ഉപയോഗിച്ചുവന്നിരുന്നു. അഫ്ഗാനിസ്താന്റെ നിയന്ത്രണം താലിബാന്‍ കൈയടക്കിയതോടെ താലിബാന്‍ അനുകൂല ഉള്ളക്കടങ്ങള്‍ വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്.

യുഎസ് നിയമപ്രകാരം താലിബാന്‍ ഭീകര സംഘടനയാണ്. അപകടകരമായ സംഘടനകള്‍ എന്ന വിഭാഗത്തില്‍പ്പെടുത്തിയാണ് താലിബാനെ തങ്ങളുടെ സേവനങ്ങളില്‍ നിന്ന് വിലക്കുന്നത്. താലിബാന് വേണ്ടി പ്രവര്‍ത്തിക്കുന്ന അക്കൗണ്ടുകള്‍, അവരെ പ്രകീര്‍ത്തിക്കുകയും പിന്തുണക്കുകയും ചെയ്യുന്ന അക്കൗണ്ടുകള്‍ എന്നിവ നീക്കം ചെയ്യും- ഫേസ്ബുക്ക് വക്താവ് അറിയിച്ചു. ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ് എന്നിവയ്ക്കും ഇത് ബാധകമാണ്.

അതേസമയം, ആശയവിനിമയത്തിന് താലിബാന്‍ വാട്‌സാപ്പ് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. താലിബാനുമായി ബന്ധമുള്ള അക്കൗണ്ടുകള്‍ കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കുമെന്ന് ഫേസ്ബുക്ക് അറിയിച്ചു.

താലിബാന്‍ വക്താക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ട്വിറ്ററിലും സജീവമാണ്. മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളുടെ യാഥാര്‍ത്ഥ്യങ്ങളും കാബൂളില്‍ നിന്ന് നേരിട്ടുള്ള വിവരങ്ങളും ജനങ്ങളിലെത്തിക്കാന്‍ താലിബാന്‍ പ്രവര്‍ത്തകരും അനുകൂലികളും ട്വിറ്റര്‍ ഉപയോഗിക്കുന്നുണ്ട്.

അക്രമവും വെറുപ്പും പ്രോല്‍സാഹിപ്പിക്കുന്ന സംഘടനകളെ അനുവദിക്കില്ലെന്നാണ് തങ്ങളുടെ പോളിസിയെന്ന് ഇതേക്കുറിച്ചുള്ള ചോദ്യത്തിന് ട്വിറ്റര്‍ വക്താവ് പ്രതികരിച്ചതായി ബിബിസി റിപോര്‍ട്ട് ചെയ്തു. അതേസമയം, യുട്യൂബിന്റെ പ്രതികരണം അറിവായിട്ടില്ല.

 

Most Popular