Sunday, September 19, 2021
Home News International അല്‍ജസീറ മാധ്യമപ്രവര്‍ത്തകനെ ഈജിപ്ത് വിമാനത്താവളത്തില്‍ അറസ്റ്റ് ചെയ്തതായി റിപോര്‍ട്ട്

അല്‍ജസീറ മാധ്യമപ്രവര്‍ത്തകനെ ഈജിപ്ത് വിമാനത്താവളത്തില്‍ അറസ്റ്റ് ചെയ്തതായി റിപോര്‍ട്ട്

കെയ്‌റോ: അല്‍ജസീറ മാധ്യമ പ്രവര്‍ത്തകന്‍ റാബി അല്‍ ശെയ്ഖിനെ കെയ്‌റോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അറസ്റ്റ് ചെയ്തു. ഖത്തറില്‍ നിന്ന് സ്വദേശത്തേക്ക് മടങ്ങിയ അദ്ദേഹത്തെ വെള്ളിയാഴ്ച്ചയാണ് പിടികൂടിയതെന്ന് അല്‍ അറബി അല്‍ ജദീദ് റിപോര്‍ട്ട് ചെയ്തു.

എന്നാല്‍, അല്‍ ജസീറയോ ഈജിപ്ത് അധികൃതരോ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. എന്നാല്‍, ഈജിപ്ത് ആഭ്യന്തര മന്ത്രാലയത്തിലെ ദേശീയ സുരക്ഷാ ഏജന്‍സിയാണ് സംഭവത്തിന് പിന്നിലെന്ന് വിഷയത്തെക്കുറിച്ച് അറിവുള്ള ചില കേന്ദ്രങ്ങളെ ഉദ്ധരിച്ച് അല്‍ അറബി അല്‍ ജദീദ് പറയുന്നു. പിടികൂടിയ അല്‍ ശെയ്ഖ് എവിടെയാണെന്ന കാര്യം വ്യക്തമല്ല.

അല്‍ ജസീറ മുബാഷിറില്‍ അദ്ദേഹത്തിന്റെ ജോലിയുടെ സ്വഭാവം വിശദമായി ചോദിച്ചറിഞ്ഞ ശേഷമാണ് അറസ്‌റ്റെന്ന് റിപോര്‍ട്ടില്‍ പറയുന്നു. അല്‍ ശെയ്ഖുമായി ബന്ധപ്പെട്ട ഒരു ഓഡിയോ ക്ലിപ്പ് കഴിഞ്ഞ ദിവസം സുരക്ഷാ സേന പുറത്തുവിട്ടിരുന്നു. അല്‍ അഹ്‌റമിന്റെ മുന്‍ എഡിറ്റര്‍ അബ്ദുല്‍ നാസര്‍ സലാമയോട് അല്‍ ജസീറ ചാനലില്‍ വന്ന് ഗ്രാന്‍ഡ് എത്യോപ്യന്‍ റിനൈസന്‍സ് ഡാം പ്രതിസന്ധിയെക്കുറിച്ച് വിശദീകരിക്കാന്‍ ആവശ്യപ്പെടുന്നതായിരുന്നു ഓഡിയോ ക്ലിപ്പ്.

പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസിയുടെ നയങ്ങളെ വിമര്‍ശിച്ച് സലാമ ഈയിടെ ലേഖനമെഴുതിയിരുന്നു. അതേക്കുറിച്ചുള്ള വിശദീകരണങ്ങളും അറിയാന്‍ കൂടിയാണ് അല്‍ സലാമയുടെ അഭിമുഖം ആവശ്യപ്പെട്ടതെന്നും റിപോര്‍ട്ടുണ്ട്. തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചുവെന്ന ആരോപിച്ച് കഴിഞ്ഞ മാസം സലാമയെ ഈജിപ്ത് അറസ്റ്റ് ചെയ്തിരുന്നു.

എട്ട് വര്‍ഷത്തിന് ശേഷം ആദ്യമായി കഴിഞ്ഞ ദിവസം അല്‍ ജസീറ കെയ്‌റോയില്‍ നിന്ന് ലൈവ് സംപ്രേക്ഷണം ആരംഭിച്ചിരുന്നു. 2013ല്‍ ഈജിപ്ത് അധികൃതര്‍ റെയ്ഡ് നടത്തി നിരവധി മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് അല്‍ജസീറ ഇവിടത്തെ പ്രവര്‍ത്തനം അവസാനിപ്പിച്ചത്.
Also Watch

Most Popular