കെയ്‌റോ: കുറ്റങ്ങളൊന്നും ചാര്‍ത്താതെ നാല് വര്‍ഷമായി തടവില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്ന അല്‍ജസീറ റിപോര്‍ട്ടര്‍ മഹ്‌മൂദ് ഹുസൈനെ ഈജിപ്ത് വിട്ടയച്ചു. 2016 ഡിസംബര്‍ മുതല്‍ കരുതല്‍ തടങ്കലില്‍ ആയിരുന്ന ഈജിപ്ഷ്യന്‍ പൗരന്‍ ഹുസൈനെ ശനിയാഴ്ച്ചയാണ് മോചിപ്പിച്ചത്. സത്യം വിജയിച്ച നിമിഷമാണ് ഇതെന്നും മാധ്യമ സ്വാതന്ത്ര്യത്തില്‍ ഇതൊരു നാഴികക്കല്ലാണെന്നും അല്‍ജസീറ നെറ്റ്‌വര്‍ക്ക് ആക്ടിങ് ഡയറക്ടര്‍ ജനറല്‍ മുസ്തഫ സുആഗ് പ്രതികരിച്ചു.
ഒമ്പതു മക്കളുടെ പിതാവായ ഹുസൈന് അറബി ഭാഷാ മാധ്യമങ്ങളില്‍ പതിറ്റാണ്ടുകളുടെ പ്രവര്‍ത്തന പാരമ്പര്യമുണ്ട്. വര്‍ഷങ്ങളോളം അല്‍ജസീറ അറബിക് ചാനലിനു വേണ്ടി ഫ്രീലാന്‍സായി പ്രവര്‍ത്തിച്ച ശേഷം 2010ലാണ് ഫുള്‍ ടൈമായി ചേര്‍ന്നത്. ആദ്യം കെയ്‌റോയിലും പിന്നീട് ദോഹയിലുമായിരുന്നു നിയമനം. 54കാരനായ ഹുസൈന്‍ അവധിക്കാലത്ത് കുടുംബത്തെ സന്ദര്‍ശിക്കാന്‍ പോയ വേളയില്‍ 2016 ഡിസംബര്‍ 23നാണ് കെയ്‌റോയില്‍ അറസ്റ്റിലായത്. അഭിഭാഷകന്റെ സാന്നിധ്യമില്ലാതെ 15 മണിക്കൂറിലേറെയാണ് അദ്ദേഹത്തെ ചോദ്യംചെയ്തത്. തുടര്‍ന്ന് വിട്ടയച്ച ശേഷം ഒരു ദിവസത്തിന് ശേഷം വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു.
തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്നും രാജ്യത്തിന്റെ പ്രതിഛായ തകര്‍ക്കാന്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് സഹായം ലഭിക്കുന്നുവെന്നുമായിരുന്നു ഈജിപ്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ ആരോപണം. എന്നാല്‍, ഇതില്‍ തെളിവ് ഹാജരാക്കുകയോ ഹുസൈനെതിരേ കുറ്റം ചുമത്തുകയോ ചെയ്തിരുന്നില്ല. അല്‍ജസീറ ആരോപണം നിഷേധിക്കുകയും ഹുസൈന്റെ മോചനം ആവശ്യപ്പെട്ട് ലോകവ്യാപകമായി കാംപയിന്‍ നടത്തുകയും ചെയ്തിരുന്നു. ജയിലില്‍ ഹുസൈന്‍ ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ക്ക് ഇരയായിരുന്നു.