ഗോള്‍കീപ്പറുമായി കൂട്ടിയിടിച്ചു വീണ അല്‍ജീരിയന്‍ താരത്തിന് ദാരുണാന്ത്യം

Soufiyane loukar

അല്‍ജിയേഴ്സ്: സ്വന്തം ടീമിന്റെ ഗോള്‍കീപ്പറുമായി മൈതാനത്ത് കൂട്ടിയിടിച്ചു വീണ അല്‍ജീരിയന്‍ ഫുട്ബോള്‍ താരം മരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

ശനിയാഴ്ച അല്‍ജീരിയയിലെ ഒറാനില്‍ നടന്ന അല്‍ജീരിയന്‍ രണ്ടാം ഡിവിഷന്‍ ഫുട്ബോള്‍ ലീഗ് മത്സരത്തിനിടെയാണ് സംഭവം. സോഫിയാന്‍ ലുകര്‍ എന്ന 28 കാരനാണ് മരിച്ചത്.


എംസി സൈദ – എഎസ്എം ഒറാന്‍ മത്സരത്തിനിടെയായിരുന്നു സംഭവം. ആദ്യ പകുതിക്കിടെയാണ് എംസി സൈദ താരമായ ലുകര്‍ സ്വന്തം ടീമിന്റെ ഗോള്‍കീപ്പറുമായി കൂട്ടിയിടിച്ച് വീഴുന്നത്. തുടര്‍ന്ന് വൈദ്യ സഹായം തേടിയ ശേഷം വീണ്ടും കളത്തിലിറങ്ങിയ താരം 10 മിനിറ്റിന് ശേഷം കുഴഞ്ഞുവീഴുകയായിരുന്നു.

ഉടന്‍ തന്നെ താരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. സഹതാരങ്ങള്‍ പൊട്ടിക്കരയുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.