വാഷിംഗ്ടണ്‍: അതിതീവ്ര വ്യാപന ശേഷിയുള്ള കോവിഡ് ഡെല്‍റ്റ വകഭേദം അമേരിക്കയില്‍ പടര്‍ന്ന് പിടിക്കുന്നു. സ്ഥിതിഗതികള്‍ വഷളായതിനെ തുടര്‍ന്ന് യു.എസിലെ ടെക്സസില്‍ വീണ്ടും അടിയന്തര മുന്നറിയിപ്പ് സംവിധാനം സജ്ജമാക്കി.
നഗരത്തില്‍ കോവിഡ് കേസുകള്‍ നിയന്ത്രണാതീതമായതിനെ തുടര്‍ന്ന് ഓസ്റ്റനില്‍ മെഡിക്കല്‍ ഉപകരണങ്ങളുടെ കുറവ് അനുഭവപ്പെടുന്നതായാണ് റിപ്പോര്‍ട്ട്. സ്റ്റേറ്റ് ആരോഗ്യ വകുപ്പിന്റെ കണക്ക് പ്രകാരം 2.4 ദശലക്ഷം ജനസംഖ്യയുള്ള ഓസ്റ്റിനില്‍ ആറ് ഐസിയു ബെഡുകളും 313 വെന്റിലേറ്ററുകളും മാത്രമാണ് നിലവില്‍ ലഭ്യമായിട്ടുള്ളത്.
29 ദശലക്ഷം ജനസംഖ്യയുള്ള ടെക്സസില്‍ 439 ഐസിയു ബെഡ്ഡുകളും 6,991 വെന്റലേറ്ററുകളുമാണ് ബാക്കിയുള്ളത്. ശസ്ത്രിക്രിയകള്‍ മാറ്റിവയ്ക്കാന്‍ ഗവര്‍ണര്‍ ഗ്രെഗ് അബോട്ട് ഉത്തരിവിട്ടു. നിലവിലെ അതീവ ഗുരുതര സാഹചര്യം ചൂണ്ടിക്കാട്ടി പ്രദേശവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് നല്കാന് അപായ മണികള്‍ മുഴക്കി. കേസുകള്‍ വര്‍ധിക്കുന്നത് ആശുപത്രികളെ കടുത്ത സമ്മര്‍ദ്ദത്തിലാക്കുന്നുണ്ടെന്ന് പൊതുജനാരോഗ്യ മെഡിക്കല്‍ ഡയറക്ടര്‍ ഡെസ്മര്‍ വാക്സ് പറഞ്ഞു. വാക്സിനേഷന് നിരക്ക് കുറഞ്ഞ തെക്കന്‍ സംസ്ഥാനങ്ങളിലാണ് പ്രധാനമായും കോവിഡ് താണ്ഡവമാടുന്നത്.
പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തില്‍ 6 മാസത്തിനിടയിലെ റെക്കാര്‍ഡ് വര്‍ധനയാണ് കഴിഞ്ഞ ദിവസം യു.എസില്‍ രേഖപ്പെടുത്തിയത്. മൂന്ന് ദിവസത്തെ ശരാശരി കണക്ക് ലക്ഷത്തോളം കേസുകളാണ്. ഫ്ളോറിഡ, ലൂസിയാന, അര്‍കന്‍സാസ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ പുതിയ കേസുകള്‍ റിപോര്‍ട്ട് ചെയ്തത്.
കഴിഞ്ഞ മാസത്തേക്കാള്‍ 600% ആണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ വര്‍ധന. ഐസിയുവില്‍ പ്രവേശിക്കുന്നവരുടെ എണ്ണം 570% വര്‍ധിച്ചതായും ആരോഗ്യ വകുപ്പ് അറിയിച്ചു. മരണനിരക്ക് കഴിഞ്ഞ ആഴ്ച്ചയിലേതിനേക്കാള്‍ 18 ശതമാനം വര്‍ധിച്ചു.