Wednesday, September 22, 2021
Home News International ലബ്‌നാനില്‍ ഇന്ധനത്തിന് വേണ്ടി തിക്കുംതിരക്കും; ടാങ്ക് പൊട്ടിത്തെറിച്ച് 20 പേര്‍ കൊല്ലപ്പെട്ടു

ലബ്‌നാനില്‍ ഇന്ധനത്തിന് വേണ്ടി തിക്കുംതിരക്കും; ടാങ്ക് പൊട്ടിത്തെറിച്ച് 20 പേര്‍ കൊല്ലപ്പെട്ടു

ബെയ്‌റൂത്ത്: വടക്കന്‍ ലബ്‌നാനിലെ അക്കാര്‍ മേഖലയില്‍ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ച് 20 പേര്‍ കൊല്ലപ്പെട്ടു. 79 പേര്‍ക്ക് പരിക്ക്. അതാലില്‍ നഗരത്തില്‍ ഒളിപ്പിച്ച ഇന്ധന ടാങ്ക് സൈന്യം കണ്ടെത്തിയിരുന്നു. ഇതില്‍ നിന്ന് ഇന്ധനം ജനങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിനിടെയായിരുന്നു സ്‌ഫോടനം. സംഭവ സമയത്ത് 200ഓളം പേര്‍ സമീപത്തുണ്ടായിരുന്നു.

കടുത്ത ഇന്ധന ക്ഷാമം നേരിടുന്ന ലബ്‌നാനില്‍ പെട്രോള്‍ പമ്പുകള്‍ക്കു മുന്നില്‍ നീണ്ട ക്യൂ പതിവാണ്. അതേ തുടര്‍ന്ന് കരിഞ്ചന്തയും വ്യാപകമായിട്ടുണ്ട്.

സ്‌ഫോടനത്തെക്കുറിച്ച് വ്യത്യസ്തമായ റിപോര്‍ട്ടുകളാണ് പുറത്തുവരുന്നത്. തിക്കും തിരക്കും കാരണം ചിലര്‍ തമ്മില്‍ വഴക്കുണ്ടായെന്നും അതിനിടയില്‍ ആരോ വെടിവച്ചത് ടാങ്കില്‍ തട്ടിയാണ് സ്‌ഫോടനമുണ്ടായതെന്നും ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ പറഞ്ഞു. സൈനികരും പോലിസും മരിച്ചവരുടെ കൂട്ടത്തിലുണ്ട്.

അതേസമയം, ഒരാള്‍ ലൈറ്റര്‍ കത്തിച്ചതാണ് അപകടത്തിനിടയാക്കിയതെന്ന് പ്രദേശിക ചാനല്‍ റിപോര്‍ട്ട് ചെയ്തു. റെഡ് ക്രോസ് സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

Most Popular