വാഷിങ്ടണ്‍: അമേരിക്കയിലെ ജോര്‍ജിയ സംസ്ഥാനത്ത് മൂന്ന് സ്പാകളില്‍ നടന്ന വെടിവയ്പ്പില്‍ ആറ് ഏഷ്യന്‍ സ്ത്രീകള്‍ ഉള്‍പ്പെടെ എട്ടുപേര്‍ കൊല്ലപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് 21 വയസ്സുള്ള വെളുത്ത വംശജനെ കസ്റ്റഡിയിലെടുത്തു. ഏഷ്യന്‍ അമേരിക്കന്‍ വംശജര്‍ക്കെതിരേ അടുത്ത കാലത്തായി വംശീയ ആക്രമണങ്ങള്‍ വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തിലാണ് പുതിയ സംഭവം.
ജോര്‍ജിയന്‍ തലസ്ഥാനമായ അറ്റ്ലാന്റയ്ക്ക് സമീപത്തെ അക്വര്ത്തിലുള്ള യങ്സ് ഏഷ്യന്‍ മസാജിലാണ് നാലുപേര്‍ കൊല്ലപ്പെട്ടത്. ഇവിടെ രണ്ട് ഏഷ്യന്‍ സ്ത്രീകള്‍, വെളുത്ത വംശജരായ ഒരു പുരുഷനും സ്ത്രീയുമാണ് കൊല്ലപ്പെട്ടതെന്ന് പോലിസ് അറിയിച്ചു. നോര്‍ത്ത് ഈസ്റ്റ് അറ്റ്ലാന്റയിലെ ഗോള്‍ഡ് മസാജ് സ്പാ, അരോമ തെറാപ്പി സ്പാ എന്നിവിടങ്ങളില്‍ നടന്ന വെടിവയ്പ്പില്‍ നാലു സ്ത്രീകള്‍ കൊല്ലപ്പെട്ടതായി അറ്റ്ലാന്റ പോലിസ് അറിയിച്ചു. ഇവര്‍ നാലു പേരും ഏഷ്യന്‍ വംശജരാണ്.
എന്നാല്‍, ഏഷ്യന്‍ അമേരിക്കന്‍ വംശജരെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്ന് സ്ഥിരീകരിക്കാന്‍ പോലിസ് തയ്യാറായിട്ടില്ല. മൂന്ന് വെടിവയ്പ്പും നടത്തിയത് റോബര്‍ട്ട് ആരോണ്‍ ലോങ് എന്ന യുവാവാണെന്നാണ് പോലിസ് സംശയിക്കുന്നത്. അറ്റ്ലാന്റയില്‍ നിന്ന് 240 കിലോമീറ്റര്‍ അകലെ മൂന്ന് മണിക്കൂറിന് ശേഷമാണ് പ്രതി കസ്റ്റഡിയിലായത്. മരിച്ചവരില്‍ നാലു സ്ത്രീകള്‍ കൊറിയന്‍ വംശജരാണെന്ന് ദക്ഷിണ കൊറിയന്‍ വിദേശ മന്ത്രാലയം അറിയിച്ചു.