വാഴ മറിഞ്ഞ് ദേഹത്ത് വീണു; നാല് കോടി നഷ്ടപരിഹാരം

banana tree vazha

കാന്‍ബറ: ഒരു വാഴ(Banana Tree) ഒടിഞ്ഞ് ദേഹത്ത് വീണതിന് നഷ്ടപരിഹാരം നാലു കോടി രൂപ. ആസ്‌ത്രേലിയയിലെ(Australia) ഒരു വാഴത്തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെ വാഴ മറിഞ്ഞ് ദേഹത്ത് വീണ് പരിക്കേറ്റ തൊഴിലാളിക്കാണ് 502,740 ഡോളര്‍ (ഏകദേശം നാല് കോടി രൂപ) നഷ്ടപരിഹാരം(Compensation) നല്‍കണമെന്ന് കോടതി വിധിച്ചത്.

2016 ജൂണിലായിരുന്നു സംഭവം. കുക്ക് ടൗണിനടുത്തുള്ള എല്‍ & ആര്‍ കോളിന്‍സ് ഫാം എന്ന വാഴത്തോട്ടത്തില്‍ പണിയെടുക്കുകയായിരുന്ന ജെയിം ലോംഗ്‌ബോട്ടം എന്നയാളുടെ പുറത്താണ് വാഴ വീണത്. സഹ ജീവനക്കാരന്‍ യന്ത്രം ഉപയോഗിച്ച് കുലകള്‍ വെട്ടിമാറ്റുന്നതിനിടെ ക്രമേണ വളയുന്നതിന് പകരം വാഴ ഒറ്റയടിയ്ക്ക് ജെയിമിന്റെ മേല്‍ വന്ന് പതിക്കുകയായിരുന്നു.

ഗുരുതരമായ പരിക്കുകളോടെ ജെയിമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന്, കമ്പനിയുടെ അശ്രദ്ധമൂലമാണ് തനിക്ക് അപകടം സംഭവിച്ചതെന്ന് കാണിച്ച് അദ്ദേഹം ഉടമയ്ക്കെതിരെ കേസ് ഫയല്‍ ചെയ്തു.

ജെയിമിന്റെ ദേഹത്ത് പതിച്ച വാഴക്കുലയ്ക്ക് 70 കിലോഗ്രാം തൂക്കമുണ്ടെന്ന് കോടതി കണ്ടെത്തി. ജെയിമിന് കമ്പനി ശരിയായ പരിശീലനം നല്‍കിയില്ലെന്നും കോടതി കണ്ടെത്തി. ഇടുപ്പിനും വലത് തോളിനും സാരമായ പരിക്കേറ്റ അദ്ദേഹത്തിന് ഇനി ജോലി ചെയ്യാന്‍ കഴിയില്ല. കമ്പനി ശരിയായ പരിശീലനം നല്‍കിയിരുന്നെങ്കില്‍, അപകടം ഒഴിവാക്കാമായിരുന്നു. അതുകൊണ്ട് തന്നെ ജെയിമിന് നഷ്ടപരിഹാരമായി കമ്പനി 502,740 ഡോളര്‍ നല്‍കണം” ജഡ്ജി കാതറിന്‍ ഹോംസ് വിധിച്ചു.
ALSO WATCH