അഫ്ഗാന്‍ യുദ്ധത്തിനിടയില്‍ 39 നിരപരാധികളെ ഓസ്ട്രേലിയന്‍ പട്ടാളം കൊന്നൊടുക്കി

Australian army

അഫ്ഗാന്‍ യുദ്ധകാലത്ത് ഓസ്‌ട്രേലിയന്‍ പട്ടാളം നിരപരാധികളെ കൊന്നൊടുക്കിയതായി ബിബിസിയുടെ റിപ്പോര്‍ട്ട്. നിലവില്‍ സൈന്യത്തില്‍ ഉള്ളതും വിരമിച്ചവരുമായ പത്തൊന്‍പത് സേനാംഗങ്ങള്‍ കൃഷിക്കാരും സാധാരണക്കാരും തടവുകാരും അടക്കമുള്ള 39 പേരെ 2009നും 2013നും ഇടയിലായി കൊലചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയന്‍ ഡിഫന്‍സ് ഫോഴ്‌സ് നാലുവര്‍ഷത്തെ അന്വേഷണത്തിന് ശേഷം പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. മേജര്‍ ജെനറല്‍ ജസ്റ്റിസ് പോള്‍ ബ്രെറെടണ്‍റെ നേതൃത്വത്തില്‍ 400ല്‍ അധികം ദൃക്‌സാക്ഷികളെ അഭിമുഖം നടത്തിയ ശേഷമാണ് എഡിഎഫിന്റെ കണ്ടെത്തല്‍.

സേനാംഗങ്ങളുടെ പോരാട്ട സംസ്‌കാരം പഠിക്കാനായി നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങളുള്ളതെന്ന് എഡിഎഫ് റിപ്പോര്‍ട്ട് വിശദമാക്കുന്നു. ഇതിനുള്ള തെളിവുകളും അന്വേഷണത്തില്‍ കണ്ടെത്തി. ‘ബ്ലഡിംഗ് എന്ന പരിശീലന മുറയില്‍ തടവുകാരെ വെടിവച്ച് കൊന്ന് പരിശീലനം നേടാന്‍ ജൂനിയര്‍ ഓഫീസര്‍മാരോട് നിര്‍ദ്ദേശിച്ചിരുന്നു. ഈ മൃതദേഹങ്ങള്‍ക്ക് പരിസരത്ത് തോക്കുകള്‍ അടക്കമുള്ള ആയുധങ്ങള്‍ വച്ച് കൊലപാതകം ന്യായീകരിച്ചിരുന്നു. യുദ്ധത്തിലെ കൊലപാതകങ്ങള്‍ ക്രൂരമായിരുന്നു’വെന്നും അന്വേഷണത്തില്‍ വ്യക്തമായതായി ഓസ്‌ട്രേലിയ വിശദമാക്കുന്നു.

23 സംഭവങ്ങള്‍ക്ക് നേരിട്ടോ അല്ലാതെയോ പ്രത്യേക സേനാംഗങ്ങള്‍ ഭാഗമായി. ഈ സംഭവങ്ങളെല്ലാം യുദ്ധം നടക്കുന്ന കാലത്താണ് നടന്നത്. അബദ്ധത്തിലോ തെറ്റിധാരണയുടെ പുറത്തോ അല്ല ഈ കൊലപാതകങ്ങള്‍ നടന്നതെന്നും റിപ്പോര്‍ട്ട് വിശദമാക്കുന്നു. സൈനികര്‍ നിരവധി തവണ നിയമ കയ്യിലെടുത്തതായി കണ്ടെത്തിയെന്ന് എഡിഎഫ് തലവന്‍ ആംഗസ് ക്യാപ്‌ബെല്‍ പറഞ്ഞതായാണ് ബിബിസി റിപ്പോര്‍ട്ട്. ആരോപണ വിധേയരായ സൈനികര്‍ക്കെതരി പൊലീസ് അന്വേഷണമുണ്ടാകുമെന്നാണ് ഓസ്‌ട്രേലിയ വിശദമാക്കുന്നത്.

അഫ്ഗാന്‍ യുദ്ധസമയത്തെ വാര്‍ ക്രൈമുകളേക്കുറിച്ച് ഇന്റര്‍നാഷണല്‍ ക്രിമിനല്‍ കോര്‍ട്ട് അന്വേഷണം ആരംഭിച്ചത് ഈ വര്‍ഷമാണ്. നീതി ഉറപ്പാക്കുമെന്ന് ഓസ്‌ട്രേലിയ വാക്കു നല്‍കിയതായാണ് റിപ്പോര്‍ട്ടിനേക്കുറിച്ച് അഫ്ഗാന്‍ പ്രതികരിക്കുന്നത്. അമേരിക്കക്കെതിരെയും സമാനമായ ആരോപണമുണ്ട്.