Saturday, September 18, 2021
Home News International വലയില്‍ കുരുങ്ങിയ സ്രാവിന്റെ വയറ്റില്‍ മനുഷ്യമുഖമുള്ള കുഞ്ഞ്; അമ്പരന്ന് നാട്ടുകാര്‍ (വീഡിയോ)

വലയില്‍ കുരുങ്ങിയ സ്രാവിന്റെ വയറ്റില്‍ മനുഷ്യമുഖമുള്ള കുഞ്ഞ്; അമ്പരന്ന് നാട്ടുകാര്‍ (വീഡിയോ)

ജക്കാര്‍ത്ത: വലയില്‍ കുരുങ്ങിയ കൂറ്റന്‍ സ്രാവിനെ മുറിച്ചു നോക്കിയപ്പോള്‍ കണ്ട കാഴ്ച്ച അമ്പരപ്പിക്കുന്നതായിരുന്നു. സ്രാവിന്റെ വയറ്റിലുണ്ടായിരുന്ന കുഞ്ഞുങ്ങളില്‍ ഒന്നിന് മനുഷ്യന്റെ മുഖം. ഇന്തോനീഷ്യയില്‍ നിന്നുള്ള അബ്ദുള്ള നൂരന്‍ എന്ന വ്യക്തിക്കാണ് ഈ അനുഭവം. വിചിത്ര മുഖമുള്ള സ്രാവിന്റെ ചിത്രങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെ നാട്ടുകാര്‍ മുഴുവന്‍ അബ്ദുള്ളയുടെ വീട്ടിലേക്കൊഴുകുകയാണ്. ഡെയ്‌ലി മെയില്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ സംഭവം റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.

മൂന്ന് കുഞ്ഞുങ്ങളാണ് സ്രാവിന്റെ വയറ്റില്‍ ഉണ്ടായിരുന്നത്. അതില്‍ ഒന്നിന് മാത്രമാണ് മനുഷ്യ മുഖവുമായി അസാധാരണമായ സാമ്യമുള്ളത്. തലയുടെ അടി ഭാഗത്തായി മനുഷ്യരുടേതിനു സമാനമായ കണ്ണുകളും അതിനുതാഴെ അല്‍പ്പം ഇടവിട്ട് മറ്റു മീനുകളില്‍ നിന്നും വ്യത്യസ്തമായി അധികം പിളര്‍പ്പില്ലാത്ത വായയുമാണുണ്ടായിരുന്നത്. ഈസ്റ്റ് നുസ തെന്‍ഗാര പ്രവിശ്യയിലെ റോട്ടെ എന്‍ഡാവോയ്ക്ക് സമീപമുള്ള കടലില്‍ നിന്നാണ് സ്രാവിനെ ലഭിച്ചത്.

സ്രാവിന്‍ കുഞ്ഞിന്റെ മറ്റു ശരീര ഭാഗങ്ങള്‍ സാധാരണ സ്രാവുകളുടേതുപോലെ തന്നെയാണ്. ജനിതക വൈകല്യമാകാം സ്രാവിന്റെ മുഖം ഈ രീതിയില്‍ കാണപ്പെടുന്നതിനു പിന്നിലെന്നാണ് നിഗമനം. വിചിത്ര രൂപത്തിലുള്ള സ്രാവിനെ മീന്‍പിടുത്തക്കാരന്‍ തന്റെ വീട്ടില്‍ ഉപ്പിലിട്ട് സൂക്ഷിച്ചിരിക്കുകയാണ്.

സ്രാവിന്‍ കുഞ്ഞിന്റെ ചിത്രങ്ങള്‍ കണ്ട് അബ്ദുള്ളയുടെ വീട്ടിലെത്തിയ പലരും അതിനെ വാങ്ങാനുള്ള ആഗ്രഹവും പ്രകടിപ്പിക്കുന്നുണ്ട്. എന്നാല്‍ വില്‍ക്കാന്‍ താല്‍പര്യമില്ലെന്നും സ്രാവിന്‍ കുഞ്ഞിലൂടെ തനിക്ക് ഭാഗ്യം വന്നുചേരുമെന്നാണ് പ്രതീക്ഷയെന്നും അബ്ദുള്ള പറയുന്നു. ഇതിന്റെ വീഡിയോകളും യുട്യൂബില്‍ പ്രചരിക്കുന്നുണ്ട്.

 

Most Popular