Saturday, June 19, 2021
Home News International ഇസ്രായേലി പോലിസ് അകമ്പടിയോടെ ജൂതകുടിയേറ്റക്കാര്‍ അല്‍ അഖ്‌സ കോംപൗണ്ടിനകത്ത് കയറി; പ്രഭാത നമസ്‌കാരത്തിനെത്തിയ വിശ്വാസികള്‍ക്ക് മര്‍ദ്ദനം

ഇസ്രായേലി പോലിസ് അകമ്പടിയോടെ ജൂതകുടിയേറ്റക്കാര്‍ അല്‍ അഖ്‌സ കോംപൗണ്ടിനകത്ത് കയറി; പ്രഭാത നമസ്‌കാരത്തിനെത്തിയ വിശ്വാസികള്‍ക്ക് മര്‍ദ്ദനം

തെല്‍ അവീവ്: സായുധരായ ഇസ്രായേലി പോലിസിന്റെ അകമ്പടിയോട് കൂടി ജൂത കുടിയേറ്റക്കാര്‍ അല്‍ അഖ്‌സ് കോംപൗണ്ടിനകത്ത് പ്രവേശിച്ചു. ഞായറാഴ്ച്ച രാവിലെയാണ് സംഭവം. ഇന്ന് പ്രഭാത നമസ്‌കാരത്തിനെത്തിയവരെ ഇസ്രായേലി പോലിസ് മര്‍ദ്ദിച്ചതിന് പിന്നാലെയാണ് തീവ്രദേശീയ വാദികളായ ജൂതകുടിയേറ്റക്കാര്‍ക്ക് കോംപൗണ്ടിനകത്ത് സൗകര്യമൊരുക്കിയത്.

കഴിഞ്ഞ ദിവസം ഹമാസും ഇസ്രായേലും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് പിന്നാലെയുണ്ടായ സംഭവം വീണ്ടും ഫലസ്തീനില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.

ഇന്ന് സുബ്ഹി നമസ്‌കാരത്തിനെത്തിയ വിശ്വാസികളെ പോലിസ് ക്രൂരമായി മര്‍ദ്ദിച്ചതായി ഫലസ്തീന്‍ വാര്‍ത്താ ഏജന്‍സിയായ വഫ റിപോര്‍ട്ട് ചെയ്തു. ജൂത കുടിയേറ്റക്കാര്‍ക്ക് കോംപൗണ്ട് കൈയേറുന്നതിന് സൗകര്യമൊരുക്കാനാണ് ഇതെന്നും റിപോര്‍ട്ടില്‍ ആരോപിക്കുന്നു. സംഭവം കാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ച അല്‍ അഖ്‌സ മസ്ജിദിലെ ഗാര്‍ഡ് ഫാദി അല്‍യാന്‍ ഉള്‍പ്പെടെ ആറ് ഫല്‌സ്തീന്‍കാരെ ഇസ്രായേലി പോലിസ് അറസ്റ്റ് ചെയ്തതായും റിപോര്‍ട്ടിലുണ്ട്. അല്‍ അഖ്‌സ കോംപൗണ്ടിന്റെ മേല്‍നോട്ടത്തിന് ജോര്‍ദാന്‍ നിയോഗിച്ച ഇസ്ലാമിക് വഖ്ഫ് കൗണ്‍സില്‍ ജീവനക്കാരന്‍ അലി വസൂസിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

അല്‍ അഖ്‌സയിലേക്കുള്ള വഴികളില്‍ ഇസ്രായേല്‍ പോലിസ് നിയന്ത്രണമേര്‍പ്പെടുത്തി. 45 വയസ്സിന് മുകളിലുള്ളവര്‍ മസ്ജിദില്‍ പ്രവേശിക്കുന്നത് വിലക്കിയിരിക്കുകയാണ്.

മെയ് 4ന് ശേഷം ഇതാദ്യമായാണ് ജൂത കുടിയേറ്റക്കാര്‍ കോംപൗണ്ടിന് അകത്ത് കയറുന്നത്. മസ്ജിദില്‍ സംഘര്‍ഷമുണ്ടായതിന് പിന്നാലെ ഇത്തരം സന്ദര്‍ശനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.
ALSO WATCH

Most Popular