Saturday, July 31, 2021
Home Gulf Bahrain ഇസ്രായേലുമായി ചങ്ങാത്തത്തിനൊരുങ്ങി ബഹ്‌റൈനും

ഇസ്രായേലുമായി ചങ്ങാത്തത്തിനൊരുങ്ങി ബഹ്‌റൈനും

വാഷിങ്ടണ്‍: യുഎഇക്കു പിന്നാലെ ഇസ്രയേലുമായി സഹകരിക്കാന്‍ ബഹ്‌റൈനും. ബഹ്‌റൈന്‍ ഭരണാധികാരി ശെയ്ഖ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ഫോണില്‍ ചര്‍ച്ച നടത്തി. ഇരുരാജ്യങ്ങളും ഒന്നിച്ചു നീങ്ങാന്‍ തയാറാണെന്ന് സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

ചൊവ്വാഴ്ച വൈറ്റ് ഹൗസില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയില്‍ ഇരുരാജ്യങ്ങളും കരാറില്‍ ഒപ്പിടുമെന്നാണ് വിവരം. നവംബര്‍ മൂന്നിന് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വീണ്ടും രംഗത്തിറങ്ങുന്ന ട്രംപ് ഇക്കാര്യം മുന്നില്‍വച്ച് ജൂതലോബിയുടെ പിന്തുണയോടെ വോട്ട്തട്ടാനാണ് ലക്ഷ്യമിടുന്നത്.

ഇരുരാജ്യങ്ങളുടേയും തീരുമാനം മറ്റൊരു ചരിത്ര മുന്നേറ്റമാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വിശേഷിപ്പിച്ചു. യുഎസിന്റെ അടുത്ത സുഹൃത്തുക്കളായ ഇസ്രായേലും ബഹ്‌റൈനും സമാധാന കരാറിന് തയാറായി എന്ന് ട്രംപ് ട്വിറ്ററില്‍ കുറിച്ചു. യുഎസ്, ബഹ്‌റൈന്‍, ഇസ്രയേല്‍ എന്നീ രാജ്യങ്ങളുടെ സംയുക്ത പ്രസ്താവനയും ട്രംപ് പങ്കുവച്ചു.

ഇസ്രയേലുമായി നയതന്ത്ര ബന്ധത്തില്‍ ഏര്‍പ്പെടുന്ന നാലാമത്തെ അറബ് രാഷ്ട്രമാണ് ബഹ്‌റൈന്‍. 30 ദിവസത്തിനുള്ളില്‍ ഇസ്രയേലുമായി സമാധാന കരാറില്‍ ഏര്‍പ്പെടുന്ന രണ്ടാമത്തെ അറബ് രാജ്യമാണ് ബഹ്‌റൈനെന്നും ട്രംപ് ട്വീറ്റ് ചെയ്തു.

ഫലസ്തീന്‍ താല്‍പര്യങ്ങളെ അവഗണിച്ച് ഇസ്രായേലുമായി സഖ്യത്തിനൊരുങ്ങിയ യുഎഇ നിലപാടിനെതിരേ മുസ്ലിം ലോകത്ത് നിന്ന് വലിയ വിമര്‍ശനമുയരുന്നതിനിടെയാണ് ബഹ്‌റൈനും സഖ്യത്തിന് തയ്യാറായി രംഗത്തെത്തിയിരിക്കുന്നത്.

Most Popular