കോവിഡ് വാക്‌സിന്‍: മോഡേണ വാക്സിന്‍ 94.5% ഫലപ്രദം; ഭാരത് ബയോടെക് മൂന്നാം ഘട്ടത്തിലേക്ക്‌

moderna vaccine

വാഷിങ്ടണ്‍: അമേരിക്കന്‍ കമ്പനിയായ ഫൈസറിന്റെ വാക്‌സിനും റഷ്യയുടെ സ്പുട്‌നിക് V വാക്‌സിനും വിജയകരമാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ അമേരിക്കന്‍ ബയോടെക്‌നോളജി കമ്പനിയായ മൊഡേണയും പരീക്ഷണം വിജയമാണെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തി. തങ്ങളുടെ പരീക്ഷണാത്മക കോവിഡ് 19 പ്രതിരോധ വാക്‌സിന്‍ 94.5 ശതമാനം ഫലപ്രദമാണെന്ന് മൊഡേണ വ്യക്തമാക്കി. മൂന്നാംഘട്ട പഠനത്തിന്റെ ഇടക്കാല അവലോകന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മൊഡേണയുടെ അവകാശവാദം. ആഴ്ചകള്‍ക്കുള്ളില്‍ യു.എസിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും വാക്‌സിന് അടിയന്തര അംഗീകാരത്തിനുളള അപേക്ഷ സമര്‍പ്പിക്കാനുളള തീരുമാനത്തിലാണ് കമ്പനിയെന്ന് സി.ഇ.ഒ. സ്റ്റീഫന്‍ ബന്‍സെല്‍ പറഞ്ഞു. വര്‍ഷാവസാനത്തോടെ 20 ദശലക്ഷം ഡോസുകള്‍ കയറ്റി അയയ്ക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.

യു.എസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിന്റെ സഹകരണത്തോടെ ഉല്പാദിപ്പിച്ച മൊഡേണ വാക്‌സിന്‍ 28 ദിവസത്തെ ഇടവേളയില്‍ രണ്ടുതവണയാണ് നല്‍കുന്നത്. വാക്‌സിന്‍ നല്‍കിയ 30,000 കോവിഡ് ബാധിതരില്‍ 95 പേരുടെ ഡേറ്റകളുടെ അടിസ്ഥാനത്തിലാണ് പ്രാഥമിക ഫലം തയ്യാറാക്കിയിരിക്കുന്നത്.

അതിനിടെ, ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക് തങ്ങളുടെ കോവിഡ് വാക്‌സിനായ കോവാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം ഉടന്‍ നടത്തുമെന്ന് പ്രഖ്യാപിച്ചു. 26,000 പേരിലാണ് പരീക്ഷണം നടക്കുക. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ മൂന്നാംഘട്ട രണ്ട് ഡോസ് പരീക്ഷണവും ഉടന്‍ 30,000 പേരില്‍ നടക്കും.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 50 കോവിഡ് വാക്‌സിനുകളുടെ പരീക്ഷണം നടക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ഇതില്‍ പതിനൊന്നെണ്ണം വാക്‌സിന്‍ ഗവേഷണത്തിന്റെ അവസാനഘട്ടമെന്ന് കരുതപ്പെടുന്ന മൂന്നാം ഘട്ടത്തിലാണ്. കോവിഡ് വാക്‌സിന്‍ പരീക്ഷണങ്ങളെ ശ്രദ്ധയോടെയാണ് ലോകം വീക്ഷിക്കുന്നത്.