ഇന്തോനേഷ്യയില്‍ വന്‍ഭൂചലനം: ഏഴ് മരണം; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപില്‍ വന്‍ഭൂചലനം. അപകട്ടില്‍ ഏഴ് മരണവും 100ഓളം പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ ഉണ്ടായ ഭൂചലനത്തിന്റെ തീവ്രത റിക്ടര്‍ സ്‌കെയിലില്‍ 6.2 രേഖപ്പെടുത്തി. മജെനെ നഗരത്തിന് ആറു കിലോമീറ്റര്‍ വടക്കുകിഴക്കായിട്ടാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഏഴു സെക്കന്‍ഡ് ഭൂചലനം നീണ്ടുനിന്നു.

ഭൂചലനത്തില്‍ ഒരു ആശുപത്രി കെട്ടിടം ഇടിഞ്ഞ് ഒരുപാടുപേര്‍ അതിനടിയില്‍ കുടുങ്ങി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പരിഭ്രാന്തരായ പ്രദേശവാസികള്‍ സുരക്ഷ തേടി വീടുകളില്‍നിന്ന് പുറത്തിറങ്ങിയോടി. ഒരു ഹോട്ടലിനും വെസ്റ്റ് സുലവേസി ഗവര്‍ണറുടെ ഓഫിസിനും സാരമായ കേടുപാടുകള്‍ സംഭവിച്ചതായും വൈദ്യുതി വിതരണം തടസ്സപ്പെട്ടതായും ദുരന്ത നിവാരണ ഏജന്‍സി അറിയിച്ചു. അതേസമയം സുനാമി മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല.