പൈലറ്റിന് ഹൃദയാഘാതം; വിമാനം അടിയന്തരമായി ഇറക്കി, ഒടുവില്‍ ആശുപത്രിയില്‍ അന്ത്യം

biman bangladesh

നാഗ്പുര്‍: പൈലറ്റിന് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബിമാന്‍ ബംഗ്ലാദേശ് എയര്‍ലൈന്‍സ് വിമാനം നാഗ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തിര ലാന്‍ഡിങ്ങ് നടത്തി. ആശുപത്രിയില്‍ പ്രവേശിപ്പിച്ച പൈലറ്റ് ഹൃദയാഘാതത്തെത്തുടര്‍ന്ന് അന്തരിച്ചു.

പൈലറ്റിന് ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായതിനെത്തുടര്‍ന്ന് നാഗ്പുര്‍ വിമാനത്താവളത്തില്‍ ആഗസ്ത് 27-നാണ് വിമാനം അടിയന്തര ലാന്‍ഡിങ് നടത്തിയത്. നാഗ്പുരിലെ കിങ്സ്വേ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പൈലറ്റ് ക്യാപ്റ്റന്‍ നൗഷാദ് അതൗല്‍ ഖയൂം(49) തിങ്കളാഴ്ച രാവിലെ 11.30-ന് മരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

129 യാത്രക്കാരുമായി മസ്‌കത്തില്‍ നിന്നു ബംഗ്ലാദേശ് തലസ്ഥാനമായ ധക്കയിലേക്ക് തിരിച്ച വിമാനം നാഗ്പുരില്‍ അടിയന്തിര ലാന്‍ഡിങ് നടത്തുകയായിരുന്നു. റായ്പുരിനു മുകളില്‍ എത്തിയപ്പോള്‍ അടിയന്തിര ലാന്‍ഡിങ്ങിനായി കൊല്‍ക്കത്ത എയര്‍ ട്രാഫിക് കണ്‍ട്രോളുമായി വിമാനത്തിന്റെ പൈലറ്റ് ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്നാണ് തൊട്ടടുത്ത വിമാനത്താവളമായ നാഗ്പുരില്‍ വിമാനമിറക്കാന്‍ അനുമതി ലഭിച്ചത്. സഹപൈലറ്റാണ് വിമാനം താഴെ ഇറക്കിയത്.
ALSO WATCH