ലോകത്ത് ആദ്യമായി H10N3 വകഭേദം ചൈനയിൽ സ്ഥിരീകരിച്ചു

ബെയ്ജിംഗ്:ലോകത്ത് ആദ്യമായി പക്ഷിപ്പനിയുടെ വകഭേദം ചൈനയിൽ മനുഷ്യനിൽ സ്ഥിരീകരിച്ചു. ചൈനയിലെ കിഴക്കൻ പ്രവിശ്യയായ ജിയാങ്‌സുവിലെ 41-കാരനിലാണ് രോഗം സ്ഥിരീകരിച്ചതെന്ന് ചൈനയുടെ നാഷണൽ ഹെൽത്ത് കമ്മിഷൻ അറിയിച്ചു. രോഗലക്ഷങ്ങളോടെ കഴിഞ്ഞ ഏപ്രിൽ 28-നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് മേയ് 28-നാണ് H10N3 വൈറസ് ബാധയാണെന്ന് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചത്. അതേസമയം എങ്ങനെയാണ് ഇദ്ദേഹത്തിന് വൈറസ് ബാധയുണ്ടായതെന്ന കാര്യം വ്യക്തമായിട്ടില്ല. 2016-17 കാലഘട്ടത്തിൽ പക്ഷിപ്പനിയുടെ H7N9 വകഭേദം കാരണം മുന്നൂറോളം പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. തീവ്രതയും വ്യാപന ശേഷിയും കുറഞ്ഞ വൈറസാണ് എച്ച്‌10എന്‍3. അതുകൊണ്ട് തന്നെ ഇത് കൂടുതല്‍ പേരിലേക്ക് പടരാനുള്ള സാധ്യതയും കുറവാണ്. വൈറസ് മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പടരുമെന്ന് കണ്ടെത്താല്‍ കഴിഞ്ഞിട്ടില്ലെന്നും സമിതി വ്യക്തമാക്കി.