Monday, June 21, 2021
Home News International ഇസ്രായേല്‍ ആക്രമണം; ഖത്തര്‍ അംബാസഡറുടെ ആസ്ഥാനത്തിന് തൊട്ടടുത്ത് ബോംബ് പതിച്ചു; ഹമാസ് തിരിച്ചടിയില്‍ ഇസ്രായേല്‍ സൈനികന്‍...

ഇസ്രായേല്‍ ആക്രമണം; ഖത്തര്‍ അംബാസഡറുടെ ആസ്ഥാനത്തിന് തൊട്ടടുത്ത് ബോംബ് പതിച്ചു; ഹമാസ് തിരിച്ചടിയില്‍ ഇസ്രായേല്‍ സൈനികന്‍ കൊല്ലപ്പെട്ടു

ദോഹ: ഗസാ പുനര്‍നിര്‍മാണത്തിന് നേതൃത്വം നല്‍കുന്ന ഖത്തരി കമ്മിറ്റിയുടെ തലവന്‍ അംബാസഡര്‍ മുഹമ്മദ് അല്‍ ഇമാദിയുടെ ആസ്ഥാനത്തിന് സമീപം ഇസ്രായേല്‍ ബോംബാക്രമണം. ആക്രമണത്തില്‍ കെട്ടിടം പൂര്‍ണമായും തകര്‍ന്നതായി റഷ്യ ടുഡേ റിപോര്‍ട്ട് ചെയ്തു. സംഭവത്തില്‍ ആളപായമുണ്ടായതായി റിപോര്‍ട്ടില്ല.

കൊല്ലപ്പെട്ടവരുടെ എണ്ണം 43 ആയി
തിങ്കളാഴ്ച്ച മുതല്‍ ഇസ്രായേല്‍ ഗസയില്‍ നടത്തുന്ന വ്യോമാക്രമണത്തില്‍ ഇതിനകം 13 കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 43 ഫലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 300ലേറെ പേര്‍ക്ക് പരിക്കേറ്റു. ഫലസ്തീന്‍ സായുധ സംഘങ്ങളുടെയും സുരക്ഷാ, പോലിസ് സേനയുടെയും നിരവധി കെട്ടിടങ്ങള്‍ ആക്രമണത്തില്‍ തകര്‍ന്നു.

ഹമാസിന്റെ തിരിച്ചടി
അതേസമയം, ഹമാസ് നടത്തുന്ന തിരിച്ചടിയില്‍ അശ്കലോണില്‍ വലിയ നാശനഷ്ടമുണ്ടായതായി ജറുസലേം ബ്രിഗേഡ്‌സ് റിപോര്‍ട്ട് ചെയ്തു. എലിയാത്തിനും അശ്കലോണിനും ഇടയിലുള്ള എണ്ണപൈപ്പ് ലൈനില്‍ റോക്കറ്റ് പതിച്ചതിനെ തുടര്‍ന്ന് വന്‍ അഗ്നിബാധയുണ്ടായി. ഹമാസിന്റെ റോക്കറ്റാക്രമണത്തെ തടയാന്‍ അയേണ്‍ ഡോം എന്ന അത്യാധുനിക സംവിധാനം ഇസ്രായേല്‍ സജ്ജകരിച്ചിട്ടുണ്ടെങ്കിലും അതിനെയെല്ലാം മറികടന്നുകൊണ്ടാണ് ഇസ്രായേല്‍ പ്രദേശങ്ങളില്‍ റോക്കറ്റുകള്‍ പതിക്കുന്നത്. ആക്രമണത്തില്‍ അഞ്ച് ഇസ്രായേലികള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഇസ്രായേലി സൈനികന്‍ കൊല്ലപ്പെട്ടു
വടക്കന്‍ ഗസയ്ക്ക് പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന സൈനിക ജീപ്പിന് നേരെ ഹമാസ് നടത്തിയ ആക്രമണത്തില്‍ ഇസ്രായേലി സൈനികന്‍ കൊല്ലപ്പെട്ടു. മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റതായും ഹമാസ് സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡ്‌സ് അറിയിച്ചു. ജീപ്പിന് മുകളില്‍ ടാങ്ക് വേധ മിസൈലാണ് പതിച്ചതെന്ന് ഇസ്രായേല്‍ സ്ഥിരീകരിച്ചു.
ALSO WATCH

Most Popular