മുസ്ലിം കുടുംബത്തെ ട്രക്ക് കയറ്റി കൊന്നത് ഭീകരാക്രമണമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി

Canadian Prime Minister Justin Trudeau

ഒട്ടാവ: ഒണ്ടാരിയോയില്‍ നാലംഗം മുസ്ലിം കുടുംബത്തെ ട്രക്ക് കയറ്റി കൊന്ന സംഭവം ഭീകരാക്രമണമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ആ കൊലപാതകം ഒരു അപകടമല്ല. നമ്മുടെ ഒരു കമ്യൂണിറ്റിയുടെ ഹൃദയത്തിനു നേരെ വെറുപ്പില്‍ നിന്ന് ഉടലെടുത്ത ഭീകരാക്രമണമാണ്- ഹൗസ് ഓഫ് കോമണ്‍സില്‍ നടത്തിയ പ്രഭാഷണത്തില്‍ ട്രൂഡോ പറഞ്ഞു.

കാനഡയിലെ ഒണ്ടാരിയോ പ്രവിശ്യയില്‍ മുസ്ലിം കുടുംബത്തിന് നേരെ ഞായറാഴ്ച്ചയാണ് ട്രാക്ക് ഓടിച്ചു കയറ്റിയത്. നാലുപേര്‍ സംഭവസ്ഥലത്ത് മരിക്കുകയും അഞ്ചാമത്തെയാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇസ്ലാംവിരോധമാണ് സംഭവത്തിന് പിന്നിലെന്നും മുന്‍കൂട്ടി പ്ലാന്‍ ചെയ്ത ആക്രമണമാണെന്നും പോലിസ് പറഞ്ഞു.

ബുള്ളറ്റ് പ്രൂഫ് വസ്ത്രം പോലെയുള്ള ജാക്കറ്റ് ധരിച്ച അക്രമി സംഭവം നടന്ന ഉടനെ രക്ഷപ്പെട്ടെങ്കിലും എഴ് കിലമോറ്റര്‍ അകലെയുള്ള മാളില്‍ വച്ച് പോലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ആക്രമണത്തിന് നേരത്തേ പദ്ധതി തയ്യാറാക്കി എന്നതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഇവര്‍ മുസ്ലിംകളാണ് എന്ന ഒറ്റ കാരണത്താലാണ് കൊലപ്പെടുത്തിയതെന്നും ഡിറ്റക്ടീവ് സൂപ്രണ്ട് പോള്‍ വെയിറ്റ് അറിയിച്ചു.

ഭീകരമായ ഇസ്ലാമോഫോബിയ ആണിതെന്ന് കാനഡ പൊതുസുരക്ഷാ മന്ത്രി ബില്‍ ബ്ലെയര്‍ പറഞ്ഞു.

മദീഹ അഫ്‌സല്‍(44), ഭര്‍ത്താവ് സല്‍മാന്‍ അഫ്‌സല്‍(46), മകള്‍ യുംന(15), 74 വയസ്സുള്ള മുത്തശ്ശി എന്നിവരാണ് കൊല്ലപ്പെട്ടത്. ഫായിസ് എന്ന ആണ്‍കുട്ടിയാണ് പരിക്കേറ്റ് ആശുപത്രിയിലുള്ളത്. പാകിസ്താന്‍ വംശജരായ കനേഡിയന്‍ പൗരന്മാരാണ് കൊല്ലപ്പെട്ടവര്‍.

സല്‍മാന്‍ അഫ്‌സല്‍ ഫിസിയോ തെറാപ്പിസ്റ്റ് ആയിരുന്നു. മദീഹ ലണ്ടന്‍ വെസ്റ്റേണ്‍ യൂനിവേഴ്‌സിറ്റിയില്‍ സിവില്‍ എന്‍ജിനീയറിങില്‍ പിഎച്ച്ഡി ചെയ്യുകയാണ്. ഇവര്‍ ഒരു മാതൃകാ കുടുംബമായിരുന്നുവെന്ന് അയല്‍വാസികളും സുഹൃത്തുക്കളും പറയുന്നു.
ALSO WATCH