സന്‍ആ: യമന്‍ സ്വദേശിയായ ഭര്‍ത്താവിനെ കൊന്ന് വെട്ടിനുറുക്കി വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ച കേസില്‍ മലയാളി നിമിഷ പ്രിയയുടെ വധശിക്ഷയ്ക്ക് സ്റ്റേ. അപ്പീല്‍ കോടതി വിധിക്ക് എതിരായ നിമിഷ പ്രിയയുടെ അപ്പീല്‍ ജുഡീഷ്യല്‍ കൗണ്‍സില്‍ ഫയലില്‍ സ്വീകരിച്ചു.
നിമിഷ പ്രിയയെ വധശിക്ഷയ്ക്ക് വിധിച്ച വിചാരണക്കോടതി ഉത്തരവ് ശരിവച്ചു ഈ മാസം പതിനെട്ടിനാണ് അപ്പീല്‍ കോടതിയുടെ വിധി വന്നത്. ഈ ഉത്തരവിന് എതിരെയാണ് നിമിഷ പ്രിയ യമനിലെ പരമോന്നത നീതി പീഠം ആയ ജുഡീഷ്യല്‍ കൗണ്‍സിലിനെ സമീപിച്ചത്.
നിമിഷ പ്രിയയുടെ അപ്പീലില്‍ തീരുമാനം എടുക്കും വരെയാണ് ശിക്ഷ സ്റ്റേ ചെയ്തിരിക്കുന്നത്. യമന്‍ പ്രസിഡന്റ് ആണ് അപ്പീല്‍ പരിഗണിക്കുന്ന ജുഡീഷ്യല്‍ കൗണ്‍സിലിന്റെ അധ്യക്ഷന്‍. ശിക്ഷ നടപ്പാക്കുന്നത് നീട്ടി വയ്ക്കുക, നിരപരാധിത്വം തെളിയിക്കാന്‍ അവസരം നല്‍കുക തുടങ്ങിയ കാര്യങ്ങള്‍ ഉന്നയിച്ചായിരുന്നു നിമിഷയുടെ അപ്പീല്‍.
സംഭവത്തിലേക്ക് നയിച്ച സാഹചര്യങ്ങളും കൊല്ലപ്പെട്ട യമന്‍ പൗരന്റെ ക്രിമിനല്‍ സ്വഭാവവും കണക്കില്‍ എടുക്കണമെന്ന് ഹര്‍ജിയില്‍ പറയുന്നു. വധശിക്ഷ ശരിവച്ച കോടതി ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ച ഉടന്‍ എംബസിയും യമനില്‍ നിന്നുള്ള വക്കീലും അപ്പീല്‍ നല്‍കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചിരുന്നു.
യമനി പൗരനായ തലാല്‍ അബ്ദു മെഹ്ദിയെ കൊലപ്പെടുത്തി മൃതദേഹം വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചെന്നാണ് നിമിഷയ്ക്ക് എതിരായ കേസ്. തലാല്‍ അബ്ദു മെഹ്ദി തന്റെ സമ്പത്ത് മുഴുവന്‍ തട്ടിയെടുത്തതായും ലൈംഗികമായി പീഡിപ്പിച്ചതായും നിമിഷപ്രിയ ആരോപിക്കുന്നു. കൊലപാതകം അവിചാരിതമായി സംഭവിച്ചതെന്നാണ് നിമിഷപ്രിയയുടെ അവകാശവാദം. തലാല്‍ അഹ്മദ് തന്റെ ഭര്‍ത്താവ് അല്ലെന്നും വ്യാജരേഖകള്‍ ഉണ്ടാക്കി കുരുക്കില്‍ പെടുത്തിയതാണെന്നും നിമിഷപ്രിയ പറയുന്നു.