ചൈന ചന്ദ്രനിലേക്ക് ആളില്ലാ ബഹിരാകാശ വാഹനം അയക്കുന്നു

China-to-launch-

ബെയ്ജിങ്: ചന്ദ്രോപരിതലത്തിലെ പാറയും മണ്ണും ശേഖരിച്ച് ഭൂമിയിലെത്തിക്കാന്‍ ചൈന ആളില്ലാ ബഹിരാകാശ വാഹനം അയക്കുന്നു. ചാങ് ഇ-5 എന്ന പേരിലുള്ള ചാന്ദ്ര ദൗത്യത്തിന്റെ ഭാഗമായുള്ള പര്യവേഷണ വാഹനം ചൊവ്വാഴ്ച പുറപ്പെടും. ചന്ദ്രന്റെ ഉദ്ഭവവും രൂപീകരണവും സംബന്ധിച്ച ആഴത്തിലുള്ള പഠനമാണ് പദ്ധതിയുടെ ലക്ഷ്യം. ചൈന നാഷണല്‍ സ്പേസ് അഡ്മിനിസ്ട്രേഷന്റെ (സി.എന്‍.എസ്.എ) തുടര്‍ച്ചയായ ചാന്ദ്രപര്യവേഷണത്തിന്റെ ഭാഗമായുള്ള പദ്ധതിയാണിത്.

ദൗത്യം വിജയകരമായാല്‍ കഴിഞ്ഞ 40 വര്‍ഷത്തിലേറെയായി ചന്ദ്രോപരിതലത്തില്‍ നിന്ന് പാറയും മണ്ണും ശേഖരിക്കുന്ന ആദ്യ രാജ്യമായി ചൈന മാറും. ഏകദേശം 4 പൗണ്ട് (1.81 കിലോഗ്രാം) പാറയും മണ്ണും ഭൂമിയിലെത്തിക്കാനാണ് ചൈന ലക്ഷ്യമിടുന്നത്. നേരത്തെ 1960കളിലും 1970കളിലുമായി അമേരിക്കയും സോവിയറ്റ് യൂണിയനും മാത്രമാണ് ഈ ദൗത്യം വിജയകരമായി പൂര്‍ത്തികരിച്ചത്.