വെള്ളിയാഴ്ച്ച നിര്‍ബന്ധിച്ച് പന്നിയിറച്ചി തീറ്റിക്കും; ബലാല്‍സംഗവും വന്ധ്യംകരണവും; ഇതാണ് ചൈന ഉയ്ഗൂര്‍ മുസ്ലിംകള്‍ക്ക് നല്‍കുന്ന പുനര്‍വിദ്യാഭ്യാസം

uyghur muslims

ബെയ്ജിങ്: കമ്യൂണിസ്റ്റ് ചൈന ഉയ്ഗൂര്‍ മുസ്ലിംകളോട് ചെയ്യുന്ന ക്രൂരമായ പീഡനങ്ങളെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുകളുമായി യുവതി. രണ്ടുവര്‍ഷമായി സായ്റാഗുള്‍ സൗത്ത്‌ബേ എന്ന ഉയ്ഗൂര്‍ മുസ്ലിം യുവതി ചൈനീസ് ഗവണ്മെന്റിന്റെ ‘റീഎജുക്കേഷന്‍’ അഥവാ ‘പുനര്‍ വിദ്യാഭ്യാസ’ ക്യാമ്പുകളില്‍ ഒന്നില്‍ നിന്ന് മോചിതയായിട്ട്. ചൈനയുടെ പടിഞ്ഞാറേ പ്രവിശ്യയായ ഷിന്‍ജാങ്ങില്‍ കഴിയുന്ന ഉയ്ഗൂര്‍ മുസ്ലിംകളെ ചൈനീസ് സംസ്‌കാരത്തിന്റെ ബാലപാഠങ്ങള്‍ പഠിപ്പിക്കാനാണ് ഭൂരിഭാഗം വരുന്ന ഹാന്‍ ചൈനീസ് ഗവണ്മെന്റ് ഈ ക്യാമ്പുകള്‍ നടത്തുന്നത്.

അങ്ങനെ ഒരു ക്യാമ്പില്‍ കൊടിയ മാനസിക ശാരീരിക പീഡനങ്ങള്‍ മാസങ്ങളോളം അനുഭവിച്ച്, ചൈനക്കാരിയായി എന്ന് ഗവണ്മെന്റിനു ബോധ്യം വന്നതിന്റെ അടിസ്ഥാനത്തില്‍ മോചിതയായതാണ് സായ്റാഗുള്‍. അന്ന് സഹിക്കേണ്ടി വന്ന പീഡനങ്ങളുടെ ഇരുണ്ട ഓര്‍മകള്‍ ഇന്നും ഈ രണ്ടു കുഞ്ഞുങ്ങളുടെ അമ്മയെ രാത്രി ഉറക്കത്തില്‍ നിന്ന് ഞെട്ടിയെഴുന്നേല്‍പ്പിക്കുന്നു.

സായ്റാഗുള്‍ പരിശീലനം കൊണ്ട് ഒരു മെഡിക്കല്‍ ഡോക്ടറും എജുക്കേറ്ററും ആണ്. ഇപ്പോള്‍ അവള്‍ ചൈനയില്‍ നിന്ന് പലായനം ചെയ്ത് സ്വീഡനിലാണ് താമസം. അവിടെവെച്ചാണ് താന്‍ അനുഭവിച്ചതിനെപ്പറ്റിയൊക്കെ മനസ്സ് തുറന്നു കൊണ്ട് അവള്‍ ഒരു പുസ്തകം തന്നെ എഴുതിയത്. നിരന്തരമുള്ള മര്‍ദ്ദനങ്ങള്‍, ബലാത്സംഗങ്ങള്‍, നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രങ്ങള്‍, വന്ധ്യംകരണങ്ങള്‍ ഒക്കെയാണ് ആ ക്യാമ്പുകളില്‍ അരങ്ങേറുന്നുണ്ട് എന്നും സായ്റാഗുള്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം അല്‍ജസീറയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സായ്റാഗുള്‍ ആ അനുഭവങ്ങള്‍ തുറന്നുപറയുകയുണ്ടായി. മുസ്ലിംകള്‍ എന്ന നിലയ്ക്കുള്ള തങ്ങളുടെ സ്വത്വത്തിലേക്ക് ക്യാമ്പ് അധികാരികള്‍ നടത്തുന്ന അപമാനകരവും ആത്മാഭിമാനവും മതവികാരവും ഹനിക്കുന്ന രീതിയില്‍ ഉള്ളതുമായ അടിച്ചേല്‍പ്പിക്കലിനെപ്പറ്റിയും അവര്‍ വിശദീകരിച്ചു. ‘എല്ലാ വെള്ളിയാഴ്ചയും അവര്‍ ഞങ്ങളെ നിര്‍ബന്ധിച്ച് പന്നിയിറച്ചി കഴിപ്പിക്കും’ അവള്‍ പറഞ്ഞു.

ഇസ്ലാമില്‍ വിലക്കപ്പെട്ട മാംസമാണ് പന്നിയിറച്ചി. അത് അറിഞ്ഞുകൊണ്ടുതന്നെ, തങ്ങളുടെ മനസ്സില്‍ അവശേഷിക്കുന്ന ആത്മാഭിമാനത്തിന്റെ അവസാന കണികയും തച്ചുടക്കാന്‍ വേണ്ടിയാണ് അധികാരികള്‍ തങ്ങള്‍ വിശുദ്ധമെന്നു കരുതുന്ന വെള്ളിയാഴ്ച ദിവസം തന്നെ വിലക്കപ്പെട്ട മാംസം ആഹരിക്കാന്‍ വേണ്ടി മര്‍ദ്ദിച്ചും മാനസികമായി പീഡിപ്പിച്ചും പട്ടിണിക്കിട്ടും പ്രേരിപ്പിക്കുന്നത് എന്ന് സായ്റാഗുള്‍ പറഞ്ഞു.

മതം വിലക്കുന്ന ആ മാംസം അവിടത്തെ അധികാരികളുടെ പീഡനം ഭയന്ന് കഴിച്ച ശേഷം തങ്ങളുടെ മനസ്സില്‍ വല്ലാത്ത കുറ്റബോധം തോന്നാറുണ്ട് എന്നും ആ ഒരു പീഡാനുഭവം തങ്ങളെ വിഷാദത്തിലേക്ക് തള്ളിയിട്ടിരുന്നു എന്നും സായ്റാഗുള്‍ അല്‍ ജസീറയോട് പറഞ്ഞു. ക്യാമ്പുകളില്‍ പന്നിയിറച്ചി തീറ്റിക്കുന്നതിനു പുറമെ, ഉയ്ഗൂര്‍ മുസ്ലിംകള്‍ക്ക് ഭൂരിപക്ഷമുള്ള ഷിന്‍ജാങ്ങ് പ്രവിശ്യയില്‍ നിരവധി പന്നി ഫാമുകള്‍ തുടങ്ങാനുള്ള ബോധപൂര്‍വമുള്ള നീക്കങ്ങളും ചൈനീസ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്നുണ്ട് എന്നും പ്രദേശത്തെ ഉയ്ഗൂര്‍ ആക്ടിവിസ്റ്റുകള്‍ ആരോപിക്കുന്നുണ്ട്.