വാഷിങ്ടണ്‍: കൊറോണയെ പ്രതിരോധിക്കാനുള്ള മരുന്ന് കണ്ടെത്തും മുമ്പ് തന്നെ വൈറസിനെതിരായ വാക്സിന്‍ നിര്‍മാണത്തിന് രണ്ട് പ്രമുഖ കമ്പനികളുമായി അമേരിക്കന്‍ സര്‍ക്കാര്‍ കരാറൊപ്പിട്ടു. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, മൊഡേണ എന്നിവയുമായാണ് കരാര്‍ ഉറപ്പിച്ചത്. മറ്റ് രണ്ട് കമ്പനികളുമായി ചര്‍ച്ച നടത്തിവരികയാണെന്ന് യുഎസ് വ്യക്തമാക്കി. ഏറ്റവുമാദ്യം വന്‍തോതില്‍ കൊറോണ വാക്സിന്‍ ഉല്‍പ്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കരാര്‍ ഉറപ്പിക്കല്‍ എന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
ലോകമെങ്ങുമായി എട്ടുലക്ഷത്തിനടുത്ത് ആളുകളെ പിടികൂടുകയും 37,800ലേറെ പേര്‍ മരിക്കുകയും ചെയ്ത കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന് ഇതുവരെ മരുന്നുകളോ, ഫലപ്രദമായ വാക്സിനോ കണ്ടുപിടിച്ചിട്ടില്ല. അംഗീകൃത ചികിത്സാ രീതികളും ഇല്ല. ഈ വര്‍ഷം അവസാനിക്കും മുമ്പ് വാക്സിന്‍ കണ്ടെത്തും എന്നും പ്രതീക്ഷിക്കുന്നില്ല. കാരണം, മരുന്ന് കണ്ടെത്തിയാലും തിരഞ്ഞെടുക്കപ്പെട്ട മനുഷ്യരില്‍ അടക്കം വിവിധ ഘട്ടങ്ങളിലെ പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയായാല്‍ മാത്രമേ മറ്റ് മനുഷ്യരില്‍ പ്രയോഗിക്കാനുള്ള അനുമതി ലഭിക്കുകയുള്ളൂ.
യുഎസ് സര്‍ക്കാരുമായി 100 കോടി ഡോസ് വാക്സിന്‍ നിര്‍മിക്കുന്നതിനുള്ള കരാറിലാണ് ഏര്‍പ്പെട്ടിരിക്കുന്നതെന്ന് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വ്യക്തമാക്കി. 100 കോടി ഡോളറിന്റേതാണ് കരാര്‍. ഈ കരാറില്‍ ഒപ്പിട്ടതിന് പിന്നാലെ കമ്പനിയുടെ ഓഹരി മൂല്യം എട്ട് ശതമാനം ഉയര്‍ന്ന് 133.01 ഡോളറിലെത്തി.
രണ്ടാമത്തെ കമ്പനിയായ മൊഡേണ ഇതിനകം മനുഷ്യരില്‍ പരീക്ഷണം തുടങ്ങിയിട്ടുണ്ട്. യുഎസ് ആരോഗ്യ വിഭാഗത്തിന്റെ ഗവേഷണ ചുമതലയുള്ള ബയോമെഡിക്കല്‍ അഡ്വാന്‍സഡ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റിയുമായി (ബാര്‍ഡ) ഇതിനുള്ള കരാറിലെത്തിയിരുന്നു.
സര്‍ക്കാരുമായി കരാര്‍ ഉറപ്പിച്ചതോടെ ഈ കമ്പനികള്‍ക്ക് വാക്സിന്‍ പരീക്ഷണ ഘട്ടം പൂര്‍ത്തിയാക്കും മുമ്പ് തന്നെ നിര്‍മാണത്തിനുള്ള മറ്റ് നടപടികളിലേക്ക് കടക്കാന്‍ കഴിയും. വാക്സിന്‍ നിര്‍മാണത്തിന് യുഎസ് സര്‍ക്കാരില്‍നിന്ന് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിക്ക് 420 ദശലക്ഷം ഡോളര്‍ ലഭിക്കും. യുഎസ് സര്‍ക്കാരുമായി കരാറില്‍ ഏര്‍പ്പെട്ടതിന് പിന്നാലെ മൊഡേണയുടെ ഓഹരി വില 1.4 ശതമാനം കൂടി 30.48 ഡോളറില്‍ എത്തി.
അഞ്ചോ ആറോ കമ്പനികളോട് പരീക്ഷണം നടത്താനാണ് ‘ബാര്‍ഡ’ ആവശ്യപ്പെട്ടിട്ടുള്ളത്. ഇതില്‍ എതെങ്കിലും ഒന്നോ രണ്ടോ വിജയിക്കും എന്നാണ് പ്രതീക്ഷ. വാക്‌സിന്‍ പൂര്‍ണതോതിതില്‍ പ്രയോഗിക്കാന്‍ അനുമതി ലഭിക്കണമെങ്കില്‍ 12-18 മാസമെങ്കിലും വേണ്ടിവരുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നൂ.
corona vaacine usa agreement with johnson and johnson