മോസ്‌ക്കോ: റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ കോവിഡ് പകരാന്‍ ഏറ്റവും സാധ്യതയുള്ള ജീവനക്കാര്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചു. നഗരത്തില്‍ പുതുതായി തുടങ്ങിയ ക്ലിനിക്കുകളിലാണ് കോവിഡിനെതിരായ വാക്‌സിന്‍ നല്‍കുന്നത്.
റഷ്യ വികസിപ്പിച്ച സ്പുട്‌നിക് 5 എന്ന കോവിഡ്-19 വാക്‌സിന്‍ 70 ക്ലിനിക്കുകളില്‍ നിന്നാണ് വിതരണം ചെയ്യുന്നത്. മഹാമാരിക്കെതിരായ റഷ്യയുടെ ആദ്യത്തെ കൂട്ട കുത്തിവയ്പ്പാണിത്. 21 ദിവസം ഇടവിട്ട് രണ്ട് മാത്രകളായാണ് വാക്‌സിന്‍ നല്‍കുന്നത്. ഡോക്ടര്‍മാര്‍, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍, അധ്യാപകര്‍, സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങി ഹൈ റിസ്‌ക് വിഭാഗത്തില്‍ പെട്ടവര്‍ക്കാണ് ആദ്യം വാക്‌സിന്‍ ലഭിക്കുക.
റഷ്യയില്‍ ശനിയാഴ്്ച്ച മാത്രം 28,782 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതില്‍ 7,993 പേര്‍ മോസ്‌കോയിലാണ്. 24 മണിക്കൂറിനിടെ 508 മരണങ്ങളാണ് രാജ്യത്ത് റിപോര്‍ട്ട് ചെയ്തത്.