അതിവേഗം പടര്‍ന്ന് മാരക കോവിഡ്; ബ്രസീല്‍ ആശുപത്രികളിലെ ഐസിയുവില്‍ സ്ഥലമില്ല

brazil covid

റിയോഡി ജെനിറോ: മാരക പ്രഹരമേല്‍പ്പിച്ച് കോവിഡ് അതിവേഗം പടരുന്ന ബ്രസീലില്‍ ആശുപത്രികള്‍ മുഴുവന്‍ തിങ്ങി നിറഞ്ഞതായി റിപോര്‍ട്ട്. ബ്രസീലിലെ 27 സംസ്ഥാനങ്ങളില്‍ 25 തലസ്ഥാനങ്ങളിലെയും ആശുപത്രികളിലെ ഐസിയുകളില്‍ 80 ശതമാനത്തിലേറെ ബെഡ്ഡുകളില്‍ ഇപ്പോള്‍ രോഗികളുണ്ട്. വരുംദിവസങ്ങളില്‍ ഐസിയുവില്‍ സ്ഥലമില്ലാത്ത സ്ഥിതി വരുമെന്ന് റിയോഡി ജെനിറോയിലെ ഫിയോക്രുസ് ഇന്‍സ്റ്റിറ്റ്യൂട്ട് മുന്നറിയിപ്പ് നല്‍കി.

ചൊവ്വാച്ച് മാത്രം ബ്രസീലില്‍ കോവിഡ് മൂലം മരിച്ചത് 1,972 പേരാണ്. രാജ്യത്ത് പുതിയ റെക്കോഡാണിത്. ബ്രസീലില്‍ ഇതിനകം 2,66,000 പേരാണ് കൊറോണ വൈറസ് മൂലം മരിച്ചത്. 11 ദശലക്ഷം പേര്‍ക്ക് രോഗം ബാധിച്ചു. യുഎസ് കഴിഞ്ഞാല്‍ ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ കോവിഡ് മരണം റിപോര്‍ട്ട് ചെയ്തത് ബ്രസീലിലാണ്. ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള മൂന്നാമത്തെ രാജ്യവും ബ്രസീലാണ്.

ദേശീയ തലസ്ഥാനമായ റിയോഡി ജെനീറോ, ബ്രസീലിയ, സാവോ പോളോ ഉള്‍പ്പെടെ 15 സംസ്ഥാന തലസ്ഥാനങ്ങളില്‍ ഐസിയുകള്‍ 90 ശതമാനത്തിലേറെ നിറഞ്ഞു കഴിഞ്ഞു. പോര്‍ട്ടോ അലെഗ്ര, കാംപോ ഗ്രാന്‍ഡെ എന്നീ നഗരങ്ങളില്‍ ഇപ്പോള്‍ ഐസിയുവില്‍ ഉള്‍ക്കൊള്ളാവുന്നതിലും കൂടുതല്‍ ആളുകളുണ്ട്.