Friday, October 22, 2021
HomeEdiotrs Pickകോവിഡിനെ തടയാന്‍ ഗുളിക വരുന്നു; മനുഷ്യരില്‍ പരീക്ഷണം ആരംഭിച്ചു

കോവിഡിനെ തടയാന്‍ ഗുളിക വരുന്നു; മനുഷ്യരില്‍ പരീക്ഷണം ആരംഭിച്ചു

വാഷിങ്ടണ്‍: കൊറോണ വൈറസിനെ പ്രാരംഭ ഘട്ടത്തില്‍ പിടിച്ചുകെട്ടാന്‍ സഹായിക്കുന്ന മരുന്ന് മനുഷ്യരില്‍ പരീക്ഷണം ആരംഭിച്ച് ഫൈസര്‍. രോഗത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ തന്നെ ഈ ഗുളിക നല്‍കിയാല്‍ വൈറസ് ശരീരത്തില്‍ പെരുകുന്നതും രോഗാവസ്ഥ ഗുരുതരമാകുന്നതും തടയുമെന്ന് കമ്പനി അവകാശപ്പെടുന്നു.

പ്രോട്ടീസ് എന്ന എന്‍സൈമുമായി ചേര്‍ന്നാണ് പുതിയ മരുന്ന് പ്രവര്‍ത്തിക്കുന്നത്. ഇത്തരത്തിലുള്ള മരുന്നുകള്‍ എച്ച്‌ഐവി, ഹെപറ്റൈറ്റിസ് സി തുടങ്ങിയ വൈറസുകള്‍ക്കെതിരേ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. അമേരിക്കയിലാണ് ഈ മരുന്ന് മനുഷ്യരില്‍ ആദ്യമായി പരീക്ഷിക്കുന്നത്. ഇതിന്റെ ഫലം ഉടന്‍ പുറത്തുവരും.

പഠനത്തിന്റെ ആദ്യഘട്ടത്തില്‍ തടസ്സങ്ങളൊന്നും നേരിട്ടിട്ടില്ലെന്നും സ്ഥിരീകരിച്ച ഫലം ആഴ്ച്ചകള്‍ക്കുള്ളില്‍ പുറത്തുവിടുമെന്നും ഫൈസര്‍ ചീഫ് സയന്റിഫിക് ഓഫിസര്‍ മൈക്കല്‍ ഡോള്‍സ്റ്റന്‍ പറഞ്ഞു. മെര്‍ക്ക് ആന്റ കോ എന്ന മരുന്ന് കമ്പനിയും കൊറോണ വൈറസിനെതിരായ ഗുളിക പരീക്ഷിക്കുന്നുണ്ട്. എന്നാല്‍, ഇതിന്റെ പ്രവര്‍ത്തനം മറ്റൊരു രീതിയിലാണ്.

പ്രതീക്ഷിച്ചതു പോലെ കാര്യങ്ങള്‍ നടന്നാല്‍, കൂടുതല്‍ പേരെ ഉള്‍പ്പെടുത്തിയുള്ള മരുന്നിന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങള്‍ ഈ വര്‍ഷം രണ്ടാം പാദത്തില്‍ നടക്കും. ഈ വര്‍ഷം അവസാനത്തോടെ അടിയന്തര ഉപയോഗത്തിന് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ അനുമതി ലഭിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

രോഗലക്ഷണങ്ങള്‍ പ്രകടമായവരിലാണ് ആദ്യഘട്ടത്തില്‍ മരുന്നിന്റെ പഠനം നടക്കുന്നത്. എന്നാല്‍, രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരിലും മരുന്ന് ഫലപ്രദമാവുമോ എന്നറിയാനുള്ള പഠനവും ഫൈസര്‍ പദ്ധതിയിടുന്നുണ്ട്.
ALSO WATCH

Most Popular