കെയ്റോ: വകഭേദം വന്ന കോവിഡ് ഭീതിയില്‍ പല രാജ്യങ്ങളും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനിടെ ഈജിപ്തില്‍ നിന്നൊരു വിചിത്ര വാര്‍ത്ത. ഒരേയൊരു യാത്രക്കാരിയുമായി വിമാനം തിരിച്ചുപറന്ന അപൂര്‍വ്വ സംഭവമാണ് കെയ്റോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഉണ്ടായിരിക്കുന്നത്.
ഇമാറാത്ത് അല്‍യൗം പത്രമാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. ഖാര്‍ത്തൂമില്‍ നിന്നുള്ള വിമാനത്തിലെത്തിയ 42 വയസ്സുള്ള സുദാനി യുവതിക്കാണ് വിമാനത്താവളത്തില്‍ നടത്തിയ പിസിആര്‍ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചത്. അധികൃതര്‍ ഇവര്‍ക്ക് രാജ്യത്തേക്ക് പ്രവേശനം നിഷേധിച്ചു. മടങ്ങിപ്പോവുന്ന വിമാനത്തില്‍ ഇവരെ കൊണ്ടുപോവണമെന്നായിരുന്നു നിലപാട്.
എന്നാല്‍, മറ്റു യാത്രക്കാരുടെ സുരക്ഷ കണിക്കിലെടുത്ത് അതിന് കഴിയില്ലെന്ന് പൈലറ്റ് നിര്‍ബന്ധം പിടിച്ചതോടെയാണ് ആകെ പുലിവാലായത്. പിപിഇ കിറ്റ് ധരിച്ച് വിമാനത്തിന്റെ പിറകിലെ സീറ്റില്‍ ഇരുത്താമെന്ന് കെയ്റോ വിമാനത്താവള അധികൃതര്‍ നിര്‍ദേശിച്ചെങ്കിലും പൈലറ്റ് തയ്യാറായില്ല.
അഞ്ച് മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കു ശേഷം മറ്റ് യാത്രക്കാരുടെ ടിക്കറ്റ് റദ്ദാക്കി കോവിഡ് ബാധയുള്ള യുവതിയെ മാത്രമായി തിരിച്ചുകൊണ്ടു പോവാന്‍ സമ്മതിക്കുകയായിരുന്നു. നാല് ജീവനക്കാരാണ് സ്ത്രീക്കൊപ്പം വിമാനത്തിലുണ്ടായിരുന്നത്. ബാക്കി എട്ട് പേരേ ഖാര്‍ത്തൂമിലേക്കുള്ള അടുത്ത വിമാനത്തില്‍ പോവുന്നതിനായി ഹോട്ടലിലേക്കു മാറ്റി.
ALSO WATCH