Tuesday, August 3, 2021
Home News International മഹാമാരിക്കാലത്തെ പ്രതീക്ഷ: മാസ്‌ക്ക് ഒഴിവാക്കി 7 രാജ്യങ്ങള്‍

മഹാമാരിക്കാലത്തെ പ്രതീക്ഷ: മാസ്‌ക്ക് ഒഴിവാക്കി 7 രാജ്യങ്ങള്‍

ഒന്നര വര്‍ഷക്കാലമായി കോവിഡില്‍ ശ്വാസം മുട്ടുന്ന നമ്മുടെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നായിരിക്കും മാസ്‌ക്ക് ഇല്ലാതെ ആളുകളുമായി അടുത്തിടപഴകുക എന്നത്. ആദ്യമായി മാസ്‌ക്ക് ഒഴിവാക്കിയ രണ്ട് രാജ്യങ്ങളായ ന്യൂസിലന്റും ഇസ്രായേലും ഈയിടെ അതിലേക്ക് തിരിച്ച് പോയെങ്കിലും മറ്റ് ചില രാജ്യങ്ങള്‍ പ്രതീക്ഷ നല്‍കുന്നു. നിലവില്‍ ഏഴ് രാജ്യങ്ങളാണ് മാസ്‌ക്ക് ഫ്രീ ആയി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്.

1. യുഎസ്എ
പൂര്‍ണമായും വാക്‌സിനെടുത്തവര്‍ മാസ്‌ക്ക് ധരിക്കേണ്ടതില്ലെന്ന് മെയ് 13ന് ആണ് യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ പ്രഖ്യാപിച്ചത്. വാക്‌സിനെടുത്തവര്‍ക്ക് സോഷ്യല്‍ ഡിസ്റ്റന്‍സിങ് ഇല്ലാതെ ചെറുതോ വലുതോ ആയ പരിപാടികളില്‍ പങ്കെടുക്കുന്നതിനും തടസ്സമില്ല

2. ഡെന്‍മാര്‍ക്ക്
ജൂണ്‍ 14ന് ആണ് ഡാനിഷ് സര്‍ക്കാര്‍ മാസ്‌ക്ക് ഒഴിവാക്കുന്നതായി പ്രഖ്യാപിച്ചത്(പൊതു വാഹനങ്ങളില്‍ ഒഴികെ). സപ്തംബര്‍ 1 മുതല്‍ മാസ്‌ക്ക് പൂര്‍ണമായും ഒഴിവാക്കാനാണ് പദ്ധതി

3. ഗ്രീസ്
മാസ്‌ക്ക് ധരിക്കുന്നത് ഉള്‍പ്പെടെയുള്ള കോവിഡ് നിയന്ത്രണങ്ങള്‍ ജൂണ്‍ 24 മുതല്‍ ഗ്രീസ് ഒഴിവാക്കി

4. ഐസ്ലന്റ്
ജൂണ്‍ 26 മുതല്‍ മുഴുവന്‍ കോവിഡ് നിയന്ത്രണങ്ങളും ഒഴിവാക്കിയതായി സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പറയുന്നു. മാസ്‌ക്കോ സോഷ്യല്‍ ഡിസ്റ്റന്‍സിങോ ആവശ്യമില്ല. ആളുകള്‍ ഒത്തുകൂടുന്നതിനും നിയന്ത്രണമില്ല.
വലിയ തോതിലുള്ള പരിശോധന, ട്രേസിങ് സംവിധാനം, പല തവണയായുള്ള ലോക്ക്ഡൗണ്‍ എന്നിവയിലൂടെയാണ് കഴിഞ്ഞ വര്‍ഷം ഐസ്ലന്റ് കോവിഡിനെ നേരിട്ടത്.

5. സ്‌പെയിന്‍
ജൂണ്‍ 26 മുതല്‍ സ്‌പെയിനും ഔട്ട്‌ഡോറില്‍ മാസ്‌ക്ക് ഒഴിവാക്കി. എന്നാല്‍, 1.5 മീറ്റര്‍ അകലം പാലിക്കണം. മാസ്‌ക്ക് എല്ലായ്‌പ്പോഴും കൈയില്‍ കരുതണം. സോഷ്യല്‍ ഡിസ്റ്റന്‍സിങ് സാധ്യമല്ലാത്ത സ്ഥലങ്ങളില്‍ ധരിക്കുന്നതിന് വേണ്ടിയാണിത്.

6. ഫ്രാന്‍സ്
ഔട്ട്‌ഡോറില്‍ കോവിഡ് നിയന്ത്രണം ആവശ്യമില്ലെന്ന് ജൂണ്‍ 17നാണ് ഫ്രാന്‍സ് പ്രഖ്യാപിച്ചത്. തുറന്ന സ്ഥലങ്ങളില്‍ മാസ്‌ക്ക് ആവശ്യമില്ല. എന്നാല്‍, തൊഴിലിടങ്ങള്‍, ഷോപ്പുകള്‍, പൊതുഗതാഗതം, വലിയ തോതില്‍ ആളുകള്‍ കൂടുന്ന സ്‌റ്റേഡിയം പോലുള്ള ഔട്ട്‌ഡോര്‍ സ്‌പേസുകള്‍ എന്നിവിടങ്ങളില്‍ മാസ്‌ക്ക് വേണം.

7. ദക്ഷിണ കൊറിയ
ചുരുങ്ങിയത് ഒരു ഡോസ് വാക്‌സിനെടുത്തവര്‍ക്ക് ജൂലൈ മുതല്‍ ഔട്ട്‌ഡോറില്‍ മാസ്‌ക്ക് വേണ്ട. 70 ശതമാനത്തിലേറെ പേര്‍ക്ക് വാക്‌സിന്‍ ലഭിച്ചാല്‍ ക്വാറന്റീന്‍ നിബന്ധനകള്‍ ഒഴിവാക്കുമെന്നും പ്രധാനമന്ത്രി കിം ബൂ ക്യും പ്രഖ്യാപിച്ചു.

Most Popular