ദോഹ: ഇറാന്‍ സൈനിക തലവന്‍ ഖാസിം സുലൈമാനിയുടെ കൊലപാതകത്തിന് പിന്നാലെ പശ്ചിമേഷ്യയിലെ സ്ഥിതി ഗുരുതരമായി തുടരുന്നത് എണ്ണവില കുതിച്ചുകയറാനിടയാക്കി. തിങ്കളാഴ്ച്ച എണ്ണവില ബാരലിന് 70 ഡോളര്‍ കടന്നു.
ബ്രെന്റ് ക്രൂഡ് ഫ്യൂച്ചര്‍ 1.65 ഡോളര്‍ വര്‍ധിച്ച് ബാരലിന് 70.74 ഡോളര്‍വരെയെത്തി. 2.4 ശതമാനമാണ് വര്‍ധന. യുഎസ് വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡിന് 1.30 ഡോളറാണ് വര്‍ധിച്ചത്. 64.35 ഡോളറാണ് ഒരു ബാരലിന്റെ വില.
വെള്ളിയാഴ്ച്ച അമേരിക്ക ഇറാഖില്‍ നടത്തിയ വ്യോമാക്രമണത്തിന്റെ തൊട്ടുപിന്നാലെ എണ്ണവിലയില്‍ മൂന്ന് ശതമാനത്തിന്റെ വര്‍ധനവുണ്ടായിരുന്നു. മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷ സ്ഥിതി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള എണ്ണകടത്തിനെ ബാധിക്കുമെന്ന ആശങ്കയാണ് വില വര്‍ധിക്കാന്‍ ഇടയാക്കുന്നത്. ലോകത്തെ എണ്ണയുല്‍പ്പാദനത്തിന്റെ പകുതിയും മിഡില്‍ ഈസ്റ്റില്‍ നിന്നാണ്. ആഗോള എണ്ണ കടത്തിന്റെ അഞ്ചിലൊന്നും നടക്കുന്നത് ഇറാനെ തൊട്ട് കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് വഴിയാണ്.