Wednesday, January 26, 2022
HomeNewsInternationalകാബൂള്‍ വിമാനത്താവളത്തില്‍ തിരക്ക് രൂക്ഷം; ഏഴ് പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍ വിമാനത്താവളത്തില്‍ തിരക്ക് രൂക്ഷം; ഏഴ് പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ ഹാമിദ് കര്‍സായി വിമാനത്താവളത്തിനു സമീപം രാജ്യംവിടാന്‍ ശ്രമിക്കുന്നവരുടെ തിരക്ക് രൂക്ഷം. തിക്കിലും തിരക്കിലും പെട്ട് ഏഴ് പേര്‍ മരിച്ചതായി ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. മരണപ്പെട്ട ഏഴ് പേരും അഫ്ഗാനിസ്ഥാന്‍ പൗരന്മാരാണ്. സംഭവത്തില്‍ ദുഖം രേഖപ്പെടുത്തുന്നതായി യുകെ പ്രതിരോധ മന്ത്രാലയം വക്താവ് പറഞ്ഞു.

അതേസമയം, ഏഴ് പേര്‍ എപ്പോഴാണ് മരിച്ചതെന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. ഇന്നലെ തിരക്കില്‍പ്പെട്ട് നാലുപേര്‍ മരിച്ചിരുന്നു. ഇവരെയും കൂടി ഉള്‍പ്പെടുത്തിയ കണക്കാണോ പുറത്തുവിട്ടതെന്ന് വ്യക്തമല്ല.

കഴിഞ്ഞ ആഴ്ച കാബൂളില്‍ നിന്ന് 2500 അമേരിക്കക്കാരെ ഒഴിപ്പിച്ചതായി മേജര്‍ ജനറല്‍ വില്ല്യം ടെയ്ലര്‍ അറിയിച്ചിരുന്നു. എത്രയും വേഗം ആളുകളെ ഒഴിപ്പിക്കാന്‍ അമേരിക്ക ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 17,000 പേരെയാണ് ആകെ ഒഴിപ്പിച്ചത്. ഇതില്‍ 2500 പേര്‍ അമേരിക്കന്‍ പൗരന്മാരാണ്. ഇനി അഫ്ഗാനിസ്ഥാനില്‍ എത്ര അമേരിക്കക്കാര്‍ ഉണ്ട് എന്നതിനെപ്പറ്റി കൃത്യമായ എണ്ണം ലഭ്യമല്ലെന്ന് പെന്റഗണ്‍ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു.

അതിനിടെ, സുരക്ഷാ ഭീഷണി ഉള്ളതിനാല്‍ കാബൂള്‍ വിമാനത്താവളത്തിന് സമീപത്തേക്ക പോകരുതെന്ന് യുഎസ് എംബസി പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആഗസ്ത് 31 വരെ ഒഴിപ്പിക്കല്‍ തുടരാനാണ് ബ്രിട്ടീഷ് സര്‍ക്കാരിന്റെ തീരുമാനം.

കാബൂള്‍ വിമാനത്താവളത്തില്‍ സുരക്ഷയ്ക്കായി ആറായിരത്തോളം അമേരിക്കന്‍ സൈനികരാണ് നിലിവില്‍ ഉള്ളത്. അഫ്ഗാനില്‍ യു.എസിനെ സഹായിച്ച സ്വദേശികളെ അമേരിക്കയില്‍ എത്തിക്കുമെന്നു പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. എന്നാല്‍, ഒഴിപ്പിക്കലിന്റെ അ്ന്തിമഫലം എന്തായിരിക്കുമെന്ന് പ്രവചിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Deadly chaos continues at Kabul airport

Most Popular