Thursday, December 2, 2021
HomeNewsInternationalഅഫ്ഗാനിലെ ശിയാ മസ്ജിദില്‍ സ്‌ഫോടനം; 32 പേര്‍ കൊല്ലപ്പെട്ടു

അഫ്ഗാനിലെ ശിയാ മസ്ജിദില്‍ സ്‌ഫോടനം; 32 പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്താനിലെ(Afghanistan) തെക്കന്‍ നഗരമായ കാന്തഹാറില്‍(Kandahar) ശിയാ പള്ളിയില്‍ സ്‌ഫോടനം(explosion). 32 പേര്‍ കൊല്ലപ്പെട്ടു. 45 പേര്‍ക്ക് പരിക്കേറ്റതായും അധികൃതര്‍ അറിയിച്ചു. നഗരത്തിലെ ഏറ്റവും വലിയ ശിയാ മസ്ജിദായ ബീവി ഫാത്തിമ മസ്ജിദില്‍ വെള്ളിയാഴ്ച്ച ഉച്ച സമയത്തായിരുന്നു സ്‌ഫോടനം.

താലിബാന്‍ സൈനികര്‍ പ്രദേശത്ത് എത്തിയതായും അക്രമികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും ആഭ്യന്തര മന്ത്രാലയം വക്താവ് സെയ്ദ് ഖോസ്തി പറഞ്ഞു.

പ്രധാന വാതിലിലും തെക്കന്‍ ഭാഗത്ത് അംഗശുദ്ധി വരുത്തുന്ന സ്ഥലത്തുമായി മൂന്ന് സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി ദൃക്‌സാക്ഷികള്‍ എഎഫ്പി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

നാല് ചാവേറുകളാണ് സ്‌ഫോടനം നടത്തിയതെന്ന് ദൃക്‌സാക്ഷികളില്‍ ഒരാളായ മുര്‍തസ അറിയിച്ചു. രണ്ട് പേര്‍ ആദ്യം സുരക്ഷാ ഗേറ്റില്‍ സ്‌ഫോടനം നടത്തുകയായിരുന്നു. ഈ തക്കത്തിന് മറ്റു രണ്ടു പേര്‍ പ്രാര്‍ഥനയ്‌ക്കെത്തിയ വിശ്വാസികള്‍ക്കിടയില്‍ സ്‌ഫോടനം നടത്തുന്നതിന് അകത്തേക്ക് ഓടിക്കയറുകയായിരുന്നു.

ജുമുഅ പ്രാര്‍ഥനയ്ക്കായി 500ഓളം പേര്‍ ഒത്തുകൂടിയിരുന്നതായി വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്തു.

കഴിഞ്ഞ വെള്ളിയാഴ്ച്ച കുന്ദുസിലെ ശിയാ പള്ളിയില്‍ നടന്ന സമാനമായ സ്‌ഫോടനത്തില്‍ ഡസന്‍ കണക്കിന് ആളുകള്‍ കൊല്ലപ്പെടുകയും 100ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ് ഇന്‍ ഖുറാസാന്‍ പ്രോവിന്‍സ്(ഐഎസ്‌കെപി) ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.

Most Popular