Sunday, January 23, 2022
HomeNewsInternationalചൈനയില്‍ ഡെല്‍റ്റ വകഭേദം അതിവേഗം പടരുന്നു; വീണ്ടും പൂട്ടിയിടും

ചൈനയില്‍ ഡെല്‍റ്റ വകഭേദം അതിവേഗം പടരുന്നു; വീണ്ടും പൂട്ടിയിടും

ബെയ്ജിങ്: കോവിഡിനെ വരുതിയിലാക്കി എന്നാശ്വസിച്ച ചൈനയ്ക്കു ഭീഷണിയായി ഡെല്‍റ്റ വകഭേദം അതിവേഗം പടരുന്നു. വ്യാപനം ശ്രദ്ധയില്‍പെട്ട പല ഭാഗങ്ങളിലും നിയന്ത്രണം ഏര്‍പ്പെടുത്തി. ചൈനയുടെ വടക്കുകിഴക്കന്‍ പ്രദേശത്താണു ഡെല്‍റ്റ വ്യാപനം രൂക്ഷമായത്. ഒക്ടോബര്‍ 17നും നവംബര്‍ 14 നും ഇടയില്‍ 1,300 ലേറെ പേര്‍ക്കാണു സമ്പര്‍ക്കം വഴി കോവിഡ് ബാധിച്ചത്.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം നേരത്തേ 1,280 ഡെല്‍റ്റ കേസുകളും ചൈനയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനയിലെ 21 ഓളം പ്രവിശ്യകളും നഗരങ്ങളുമാണു രോഗ ഭീഷണിയിലുള്ളത്. മറ്റു പല രാജ്യങ്ങളെയും അപേക്ഷിച്ച് ചൈനയില്‍ ഡെല്‍റ്റ വകഭേദത്തിന്റെ വ്യാപനം കുറവാണ്. എങ്കിലും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി തുടക്കത്തില്‍തന്നെ വ്യാപനം തടയാനാണ് അധികൃതരുടെ തീരുമാനം. വ്യാപനം കൂടുതലുള്ള പ്രദേശങ്ങളില്‍ വിനോദ സഞ്ചാരത്തിനും പൊതുഗതാഗതത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തി.

രോഗസാധ്യതയുള്ള പ്രദേശങ്ങളിലെല്ലാം ആളുകളില്‍ വ്യാപകമായി കോവിഡ് പരിശോധനയും നടത്തുന്നുണ്ട്. വടക്കുകിഴക്കന്‍ നഗരമായ ദാലിയാന്‍ പൂര്‍ണമായും അടച്ചിട്ടിരിക്കുകയാണ്. നവംബര്‍ നാലിനാണ് ആദ്യ ഡെല്‍റ്റ കേസ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. റോയിട്ടേഴ്‌സിന്റെ കണക്കു പ്രകാരം നഗരത്തില്‍ ഒരു ദിവസം ശരാശരി 24 പുതിയ കേസുകള്‍ കണ്ടെത്തുന്നുണ്ട്.
ALSO WATCH

 

Most Popular