Saturday, October 23, 2021
HomeNewsInternationalയമനിലെ സൗദിസഖ്യസേനയുടെ താവളത്തില്‍ ഹൂത്തി ആക്രമണം; 30ഓളം സൈനികര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്

യമനിലെ സൗദിസഖ്യസേനയുടെ താവളത്തില്‍ ഹൂത്തി ആക്രമണം; 30ഓളം സൈനികര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്

സന്‍ആ: യമനിലെ സൗദി സഖ്യസേനയുടെ താവളത്തില്‍ ഹൂത്തി വിമതര്‍ നടത്തിയ ആക്രമണത്തില്‍ 30ഓളം സൈനികര്‍ കൊല്ലപ്പെട്ടു. 60 പേര്‍ക്ക് പരിക്കേറ്റു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ലഹിജ് പ്രവിശ്യയിലുള്ള അല്‍ അനാദ് സൈനിക താവളത്തിലാണ് ഞായറാഴ്ച്ച ആക്രമണം നടന്നത്. സായുധ ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ചാണ് ആക്രണം നടന്നതെന്ന് യമന്‍ തെക്കന്‍ സേനാ വക്താവ് മുഹമ്മദ് അല്‍ നഖീബ് പറഞ്ഞു.

സൈനിക താവളത്തിലെ പരിശീലന സ്ഥലത്ത് സൈനികര്‍ പ്രഭാത വ്യായാമം നടത്തുന്നതിനിടെയാണ് ബാലിസ്റ്റിക് മിസൈല്‍ വന്നുപതിച്ചത്. മരണസംഖ്യ ഉയരാനിടയുണ്ടെന്ന് അല്‍ നഖീബ് അറിയിച്ചു.

നഗരത്തിന്റെ കിഴക്ക് ഭാഗത്തുള്ള ഹൂത്തി സ്വാധീനമേഖലയില്‍ നിന്നാണ് മിസൈലുകള്‍ തൊടുത്തുവിട്ടതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. നിരവധി തവണ സ്‌ഫോടനശബ്ദം കേട്ടതായും സമീപവാസികള്‍ അറിയിച്ചു.

2014ല്‍ വിമതര്‍ തലസ്ഥാനമായ സന്‍ആ പിടിച്ചതു മുതല്‍ സൗദി നേതൃത്വത്തിലുള്ള സഖ്യസേനയും ഇറാന്‍ പിന്തുണയുള്ള ഹൂത്തി വിമതരും ഏറ്റുമുട്ടല്‍ തുടരുകയാണ്.
ALSO WATCH

Most Popular